ധര്‍മസങ്കല്‍പ്പത്തെ ഭരണഘടന അവഗണിച്ചു, ജയ് ശ്രീറാം വിളിച്ചാല്‍ പ്രശ്‌നമാണെന്ന തരത്തിലേക്ക് രാജ്യം മാറി; ജസ്റ്റിസ് എന്‍. നഗരേഷിന്റെ പഴയ പ്രസ്താവന പങ്കുവെച്ച് എസ്. സുദീപ്
കോഴിക്കോട്: മീഡിയവണിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ചര്‍ച്ചയായി ജസ്റ്റിസ് നഗരേഷിന്റെ പഴയ പ്രസ്താവന.
ഭാരത്തിലെ ഏറ്റവും വലിയ നിയമസങ്കല്‍പ്പമായ ധര്‍മത്തെ ഭരണഘടനയില്‍ ചേര്‍ക്കാതെ നാം അവഗണിച്ചു എന്ന നഗരേഷിന്റെ പ്രസ്താവനയാണ് മുന്‍ ജഡ്ജി എസ്. സുദീപ് പങ്കുവെച്ചിരിക്കുന്നത്.
1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം കിട്ടിയശേഷം ദേശീയതയേയും ദേശീയമാന ബിന്ദുക്കളേയും നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചരിത്രത്തേയും പാരമ്പര്യത്തേയുമെല്ലാം തള്ളിക്കളയുന്ന സാഹചര്യത്തിലേക്ക് രാജ്യം എത്തിയെന്നും ജയ് ശ്രീറാം വിളിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന തരത്തിലേക്ക് രാജ്യം മാറിയെന്നുമാണ് നഗരേഷിന്റെ പ്രസ്താവന.
ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ മടിയായവരുടെ ലോകത്തിലാണ് നാമുള്ളത്. രാജ്യസ്‌നേഹമില്ലാത്തവര്‍ക്കും പൈതൃകത്തേയും പാരമ്പര്യത്തേയും ചരിത്രത്തേയും അംഗീകരിക്കാത്തവര്‍ക്കും വലിയ സ്ഥാനമാനങ്ങള്‍ നല്‍കുകയാണെന്നും നഗരേഷ് പറയുന്നുണ്ട്. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന കൗണ്‍സില്‍ യോഗം തിരൂരില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മീഡിയവണ്ണിനെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നഗരേഷിന്റെ പഴയ പ്രസംഗം എസ്. സുദീപ് പങ്കുവെച്ചിരിക്കുന്നത്.
മീഡിയവണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ മീഡിയവണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നാഗരേഷ് ഇന്ന് വിധി പറഞ്ഞത്.
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചതെന്നും ഇവര്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നതെന്നും അതിനാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണെന്നും അതിനാല്‍ പരാതി തള്ളുന്നുവെന്നുമായിരുന്നു ജസ്റ്റിസ് നഗരേഷ് പറഞ്ഞത്.
ദേശീയ സുരക്ഷയുടെ പേരില്‍ ക്ലിയറന്‍സ് നിഷേധിക്കപ്പെടുമ്പോള്‍ മുന്‍കൂര്‍ വാദം കേള്‍ക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവണ്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ഫയലുകള്‍ താന്‍ പരിശോധിച്ചെന്നും മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കാണുന്നുണ്ടെന്നും ആ ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തില്‍, സുരക്ഷാ ക്ലിയറന്‍സ് പുതുക്കേണ്ടതില്ലെന്ന് കണ്ടെത്തുകയായിരുന്നുവെന്നുമാണ് വിധിയില്‍ പറയുന്നത്.
Content Highlight: S Sudheep Share Justice Nagaresh Old Speech