ധ്യാന്‍ ശ്രീനിവാസനുമായി സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് തിരക്കഥാകൃത്ത് എസ.്എന്‍. സ്വാമി. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ തനിക്ക് യാതൊരുവിധ ഉത്തരാവാദിത്തവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷു ദിനത്തില്‍ നടക്കാനിരിക്കുന്ന ചിത്രത്തിന്റെ പൂജയിലായിരിക്കും സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എവിടെ നിന്നൊക്കെയോ ശേഖരിച്ച വിവരങ്ങളിന്മേല്‍ വന്ന വാര്‍ത്തകളാണ് ഇവ. ഞാനീ കാര്യത്തില്‍ ആരോടും പ്രതികരിച്ചിട്ടില്ല. തമിഴ് പശ്ചാത്തലമാണെന്നും ധ്യാനാണ് നായകനെന്നും എഴുതിയവരുടെ മനോധര്‍മം പോലെ ചെയ്തതാകാം. അതിനെ കുറിച്ചൊന്നും ഞാനിപ്പോള്‍ പറയുന്നില്ല,’ എസ്.എന്‍. സ്വാമി പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തില്‍ എസ്.എന്‍. സ്വാമി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നാണ് രാവിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതൊരു പ്രണയ ചിത്രമായിരിക്കും എന്ന പ്രചരണവും സാമൂഹ്യ മാധ്യമങ്ങളിലുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്നെ രംഗത്ത് വന്നത്.
സി.ബി.ഐ സീരിയസടക്കം നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയെഴുതിയ എസ്.എന്‍.സ്വാമി ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ചിത്രമാണത്. തന്റെ എഴുപ്പത്തിരണ്ടാം വയസിലാണ് അദ്ദേഹം സംവിധാനത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നത്.
മമ്മൂട്ടിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത സി.ബി.ഐ 5 ആണ് സ്വാമിയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. സി.ബി.ഐ സീരീസിന്റെ അഞ്ചാം പതിപ്പായിരുന്നു അത്. ആശ ശരത്, സായ് കുമാര്‍, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.