ഇപ്പോഴത്തെ പ്രായത്തിൽ മോഹൻലാലിനോ മമ്മൂട്ടിക്കോ ആ കഥാപാത്രം ചെയ്യാൻ കഴിയില്ല: എസ്.എൻ സ്വാമി
Entertainment
ഇപ്പോഴത്തെ പ്രായത്തിൽ മോഹൻലാലിനോ മമ്മൂട്ടിക്കോ ആ കഥാപാത്രം ചെയ്യാൻ കഴിയില്ല: എസ്.എൻ സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd July 2024, 9:04 am

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍.സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍.

സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സൃഷ്ടാവും സ്വാമി തന്നെയാണ്.

ഇത്രയേറെ സിനിമകൾക്ക് കഥകളൊരുക്കിയ എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം ഈ മാസം 26ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപിടി മികച്ച കഥാപാത്രങ്ങൾ നൽകിയ എസ്. എൻ. സ്വാമി എന്തുകൊണ്ടാണ് ആദ്യ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കിയതെന്ന് പറയുകയാണ് അദ്ദേഹം.

ഇപ്പോഴത്തെ പ്രായത്തിൽ മോഹൻലാലിനോ മമ്മൂട്ടിക്കോ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റില്ലെന്ന് പറയുകയാണ് എസ്. എൻ. സ്വാമി. ചേരാത്ത കഥയുമായി താൻ അവരുടെ അടുത്തേക്ക് പോവാറില്ലെന്നും എസ്.എൻ സ്വാമി പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ കഥയിലെ നായകനെ അവതരിപ്പിക്കാൻ മമ്മൂട്ടിക്കോ മോഹൻലാലിനോ ഇപ്പോഴത്തെ പ്രായത്തിൽ കഴിയില്ല. ചേരാത്ത കഥയുമായി അവരുടെ അടുത്തേക്ക് പോകുന്നയാളല്ല ഞാൻ. ഈ കഥയ്ക്ക് ഏറ്റവും യോജിച്ച നടൻ ധ്യാൻ ശ്രീനിവാസനാണെന്ന് തോന്നി,’ എസ്. എൻ സ്വാമി പറയുന്നു.

സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല. പക്ഷെ ആ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടാണ് സി. ബി. ഐ സീരീസിന്റെ അഞ്ചാമത്തെ ഭാഗമായ ബ്രെയ്ന്‍ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.

ചിത്രത്തിന്റെ പരാജയത്തിന് കാരണം താനാണെന്നും ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് പറയാൻ ശ്രമിച്ചതാണ് സിനിമക്ക് പറ്റിയ തെറ്റെന്നും എസ്. സ്വാമി കൂട്ടിച്ചേർത്തു.

‘ഒരുപാട് കാര്യങ്ങൾ ഒരു സിനിമയിൽ പറയാൻ ശ്രമിച്ചതാണ് ഏറ്റവും വലിയ പിശക്. അതിന്റെ പ്രധാന ഉത്തരവാദി ഞാൻ തന്നെയാണ്. പുതിയ ചില ചിന്തകൾ ആ കഥയിൽ ഉണ്ടായിരുന്നു. എന്നാൽ, അത് പ്രേക്ഷകർക്ക് മനസ്സിലാകുമോ എന്നൊരു സംശയമുണ്ടായി.


അതുകൊണ്ട് കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ, അത്തരം ‘സ്‌പൂൺ ഫീഡിങ്’ പരിപാടികൾ പുതിയ പ്രേക്ഷകർക്കാവശ്യമില്ല. അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ടാണ് സീക്രട്ട് ഒരുക്കിയിരിക്കുന്നത്,’എസ്.എൻ. സ്വാമി പറഞ്ഞു.

 

Content Highlight: S.n.Swami About His New Movie Secrete