ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി മുന്‍ താരം എസ്. ബദ്രിനാഥ്. വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം ടീമിലെ പ്രധാന സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടറാണ് ജഡേജ.
ഇന്ത്യയ്ക്ക് മികച്ച സ്പിന്‍ ബൗളിങ് ഓപ്ഷനുകള്‍ ഉള്ളതിനാല്‍ തന്നെ ജഡേജക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ സാധിക്കില്ലെന്നും ഇങ്ങനെ പ്ലെയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ഒരാളെ എന്തിനാണ് സ്‌ക്വാഡിന്റെ ഭാഗമാക്കിയത് എന്നുമാണ് ബദ്രിനാഥ് ചോദിക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചക്കിടെയാണ് ബദ്രിനാഥ് രവീന്ദ്ര ജഡേജയുടെ സ്ഥാനത്തെ ചോദ്യം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ഏകദിന സ്‌ക്വാഡില്‍ തൃപ്തി പ്രകടിപ്പിച്ച ബദ്രിനാഥിന് ജഡേജയെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലായിരുന്നു.
‘വളരെയധികം ട്രിക്കിയായ ചില സ്‌പോട്ടുകളുണ്ട്. രവീന്ദ്ര ജഡജേ ടീമിന്റെ ഭാഗമായതില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. ജഡേജ സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, കാരണം അവന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതകള്‍ നന്നേ കുറവാണ്.
പ്ലെയിങ് ഇലവനന്റെ ഭാഗമാകാന്‍ സാധ്യതയില്ലാത്ത ഒരാളെ നിങ്ങള്‍ എന്തിനാണ് സ്‌ക്വാഡിന്റെ ഭാഗമാക്കിയത്. ഇത് കുറച്ച് ട്രിക്കിയാണ്,’ബദ്രിനാഥ് പറഞ്ഞു
ഫെബ്രുവരി ആറിനാണ് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലുള്ളത്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.
India Squad For ODI Series
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കെ.എല്‍. രാഹുല്‍, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി.
England Squad For ODI Series
ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ കാര്‍സ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, സാഖിബ് മഹ്‌മൂദ്.
Content Highlight: S Badrinath slams selectors decision to include Ravindra Jadeja in India’s ODI squad