ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിക്ക് മുമ്പ് ടീമിലെത്തിക്കാന്‍ ശ്രമിച്ചത് ആ ഇതിഹാസ താരത്തെ: ബദ്രിനാഥ്
Sports News
ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിക്ക് മുമ്പ് ടീമിലെത്തിക്കാന്‍ ശ്രമിച്ചത് ആ ഇതിഹാസ താരത്തെ: ബദ്രിനാഥ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th September 2024, 8:31 pm

ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള ടീമുകളിലൊന്നും ചെന്നൈ തന്നെ. സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം തന്നെ സ്‌റ്റേഡിയങ്ങള്‍ എന്നും മഞ്ഞക്കടലായി മാറിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത്രത്തോളം ഫാന്‍ ബേസ് ഉണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എം.എസ്. ധോണിയായിരുന്നു. ആരാധകരുടെ തലയായി മാറിയ ധോണിയെ ചെന്നൈ പയ്യനായി തന്നെയാണ് തമിഴ്‌നാടും ആരാധകരും ഏറ്റെടുത്തത്.

എന്നാല്‍ ധോണിക്ക് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുബ്രഹ്‌മണ്യം ബദ്രിനാഥ്. വിരേന്ദര്‍ സേവാഗിനെ ടീമിലെത്തിക്കാനാണ് ചെന്നൈ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നത് എന്നാണ് ബദ്രിനാഥ് പറയുന്നത്.

‘ധോണിയെ ടീമിലെത്തിക്കും മുമ്പ് തന്നെ സേവാഗിനെ ടീമിലെത്തിക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് ശ്രമിച്ചിരുന്നത്. പക്ഷേ സേവാഗ് ആ ഓഫര്‍ നിരസിച്ചു.

താന്‍ ദല്‍ഹിയില്‍ നിന്നുള്ള താരമായതിനാല്‍ ദല്‍ഹി ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് സേവാഗ് സൂപ്പര്‍ കിങ്‌സിന്റെ ഓഫര്‍ നിരസിച്ചത്,’ ഇന്‍സൈഡര്‍ സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ ബദ്രിനാഥ് പറഞ്ഞു.

നേരത്തെ സേവാഗും ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യ സീസണിന് മുമ്പ് തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ദല്‍ഹിയുടെ ഓഫര്‍ സ്വീകരിക്കരുതെന്ന് സി.എസ്.കെ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായും സേവാഗ് അന്ന് പറഞ്ഞിരുന്നു.

 

‘വി.ബി. ചന്ദ്രശേഖര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയുള്ള താരങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം എന്നെ ഫോണ്‍ ചെയ്ത് ‘ചെന്നൈ സൂപ്പര്‍ കിങ്‌സ് വേണ്ടി കളിക്കണം. ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നിന്നെ അവരുടെ ഐക്കണ്‍ താരമായി വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ആ ഓഫര്‍ ഒരിക്കലും സ്വീകരിക്കരുത്’ എന്ന് പറഞ്ഞു. ഓക്കെ, നമുക്ക് നോക്കാം എന്നാണ് ഞാന്‍ അന്ന് പറഞ്ഞത്,’ ഫീവര്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സേവാഗ് പറഞ്ഞു.

ശേഷം ദല്‍ഹി ഡെയര്‍ ഡെവിള്‍ തന്നെ ബന്ധപ്പെട്ടെന്നും ആ ഓഫര്‍ സ്വീകരിച്ചുവെന്നും സേവാഗ് പറഞ്ഞു. ലേലത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉറപ്പായും തന്നെ സ്വന്തമാക്കുമായിരുന്നെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.

 

‘അവസാനം അവരുടെ ഐക്കണണ്‍ പ്ലെയറായി കളിക്കാന്‍ ദല്‍ഹി ഡെയകര്‍ ഡെവിള്‍സില്‍ നിന്നും എനിക്ക് ഓഫര്‍ വന്നു. ഞാനത് സ്വീകരിച്ചു. ഇതുകൊണ്ട് തന്നെ ഞാന്‍ ലേലത്തില്‍ പങ്കെടുത്തിരുന്നില്ല.

അഥവാ ഞാന്‍ ലേലത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉറപ്പായും എന്നെ ടീമിലെത്തിക്കുമായിരുന്നു. ക്യാപ്റ്റനുമാക്കുമായിരുന്നു. എന്നാല്‍ അവര്‍ എം.എസ്. ധോണിയെ സ്വന്തമാക്കി ക്യാപ്റ്റന്‍സിയേല്‍പ്പിക്കുകയായിരുന്നു,’ സേവാഗ് പറഞ്ഞു.

 

Content highlight: S Badrinath says Chennai Super Kings had their eyes on Virender Sehwag even before signing MS Dhoni.