അവര്‍ക്ക് നോമിനേഷന്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്; റയാന്‍ ഗോസ്‌ലിങ്
Entertainment
അവര്‍ക്ക് നോമിനേഷന്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്; റയാന്‍ ഗോസ്‌ലിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th January 2024, 12:00 pm

പോയ വര്‍ഷം ഹോളിവുഡില്‍ ഏറ്റവും കളക്ഷന്‍ ലഭിച്ച ചിത്രമാണ് ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബി. മാര്‍ഗോട്ട് റോബിയാണ് ബാര്‍ബിയായി എത്തിയത്. ബാര്‍ബിവേള്‍ഡില്‍ നിന്ന് സാധാരണലോകത്തേക്കെത്തുന്ന ബാര്‍ബിയുടെ കഥയാണ് സിനിമ പറയുന്നത്. 96ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ അഞ്ച് നോമിനേഷനുകള്‍ ചിത്രത്തിന് ലഭിച്ചു. മികച്ച ചിത്രം, മികച്ച സഹനടി, മികച്ച ഗാനം, മികച്ച വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് നോമിനേഷന്‍ ലഭിച്ചത്.

അതിനെ സംബന്ധിച്ച് ബാര്‍ബിയിലെ പ്രധാന കഥാപാത്രമായ കെന്നിനെ അവതരിപ്പിച്ച റയാന്‍ ഗോസ്‌ലിങിന്റെ പ്രസ്താവനയാണ് ചര്‍ച്ചയായിരിക്കുന്നത്.

‘ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായ വര്‍ഷത്തില്‍  സഹപ്രവര്‍ത്തകരുടെ പേരിനൊപ്പം എന്റെ പേരും നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. കെന്‍ എന്ന പ്ലാസ്റ്റിക് പാവയെ അവതരിപ്പിച്ചത് ഏറെ ബഹുമാനം തരുന്ന ഒന്നാണ്.

എന്നാല്‍ ബാര്‍ബിയില്ലെങ്കില്‍ കെന്‍ ഇല്ല, ഗ്രേറ്റ ഗെര്‍വിഗും മാര്‍ഗോട്ട് റോബിയും ഇല്ലെങ്കില്‍ ബാര്‍ബി എന്ന സിനിമയും ഉണ്ടാകില്ല. ചരിത്രത്തിന്റെ ഭാഗമായ, എല്ലാവരും ആഘോഷിച്ച ആ സിനിമയുടെ യഥാര്‍ത്ഥ കാരണക്കാര്‍ അവര്‍ രണ്ടുപേരുമാണ്. അവരുടെ പ്രതിഭയുടെ ഫലമാണ് അത്തരം അംഗീകാരങ്ങള്‍.

ഈ രണ്ട് പേര്‍ക്കും അതത് വിഭാഗങ്ങളില്‍ നോമിനേഷന്‍ കിട്ടാത്തതില്‍ ഞാന്‍ നിരാശനാണ്. ആത്മാവില്ലാത്ത പാവകളെക്കൊണ്ട് നമ്മളെ ചിരിപ്പിച്ച, ഹൃദയത്തെ സ്പര്‍ശിച്ച, ചരിത്രം സൃഷ്ടിച്ച അവരുടെ പേരും നോമിനേഷനില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് പറയുമ്പോള്‍ നോമിനേഷന്‍ ലഭിച്ച അമേരിക്ക ഫെറേറയ്ക്കും ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു’ റയാന്‍ പറഞ്ഞു.

2023ല്‍ ലോക സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷ് ആയിരുന്നു ബാര്‍ബിയും ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പന്‍ഹൈമറും തമ്മില്‍ ഉണ്ടായത്. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ ഒരു ബില്യണിലധികം ബാര്‍ബി കളക്ട് ചെയ്തു. ഒരു വനിതാ സംവിധായികയുടെ ചിത്രം ബില്യണ്‍ ക്ലബ്ബില്‍ കയറുന്നത് ആദ്യമായാണ്.

Content Highlight: Ryan Gossling about Greta Gervig and Margot Robbie won’t get Oscar nomination