ഡെഡ് റബ്ബറില്‍ വെറും 19 റണ്‍സ്; വിരാട് വീഴും, ഗെയ്ക്വാദ് വാഴും
Sports News
ഡെഡ് റബ്ബറില്‍ വെറും 19 റണ്‍സ്; വിരാട് വീഴും, ഗെയ്ക്വാദ് വാഴും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd December 2023, 2:51 pm

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20യില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിന്റെ വിജയം നേടിയതിന് പിന്നാലെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് മുമ്പിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തത്.

റിങ്കു സിങ്, യശസ്വി ജെയ്‌സ്വാള്‍, ജിതേഷ് ശര്‍മ എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. റിങ്കു 29 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ജെയ്‌സ്വാള്‍ 28 പന്തില്‍ 37 റണ്‍സും ജിതേഷ് 19 പന്തില്‍ 35 റണ്‍സും നേടി മടങ്ങി.

28 പന്തില്‍ 32 റണ്‍സടിച്ച ഋതുരാജ് ഗെയ്ക്വാദും തന്റേതായ സംഭാവന ടോട്ടലിലേക്ക് നല്‍കി. മൂന്നാം ടി-20യില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗെയ്ക്വാദ് നാലാം ടി-20യിലും മോശമാക്കിയില്ല.

ഈ പ്രകടനത്തിന് പിന്നാലെ ഒരു ടി-20 ബൈലാറ്ററല്‍ സീരിസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ഗെയ്ക്വാദിനായി. ശ്രേയസ് അയ്യരിനെയും ഇഷാന്‍ കിഷനെയും അടക്കം പിന്തള്ളിക്കൊണ്ടാണ് ഇന്ത്യയുടെ ഭാവി താരം മൂന്നാമനായി ഉയര്‍ന്നത്.

നിലവില്‍ നാല് മത്സരത്തില്‍ നിന്നും 213 റണ്‍സാണ് ഗെയ്ക്വാദിന്റെ പേരിലുള്ളത്.

എന്നാല്‍ പരമ്പരയില്‍ ഒരു മത്സരം ശേഷിക്കെ ഒന്നാം സ്ഥാനത്തേക്കുയരാനുള്ള സാധ്യതയും ഗെയ്ക്വാദിനുണ്ട്. ഡിസംബര്‍ മൂന്നിന് ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ വെറും 19 റണ്‍സ് നേടിയാല്‍ ഗെയ്ക്വാദിന് ഒന്നാമതുള്ള വിരാടിനെയും മറികടക്കാന്‍ സാധിക്കും.

ടി-20 ബൈലാറ്ററല്‍ സീരീസില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇംഗ്ലണ്ട് – 231 – 2021

കെ.എല്‍. രാഹുല്‍ – ന്യൂസിലാന്‍ഡ് – 224 – 2020

ഋതുരാജ് ഗെയ്ക്വാദ് – ഓസ്‌ട്രേലിയ – 213* – 2023

ഇഷാന്‍ കിഷന്‍ – സൗത്ത് ആഫ്രിക്ക – 206 – 2022

ശ്രേയസ് അയ്യര്‍ – ശ്രീലങ്ക – 204 – 2022

 

 

അതേസമയം, പരമ്പരയിലെ മൂന്നാം മത്സരം വിജയിച്ച ഓസ്‌ട്രേലിയക്ക് പരമ്പരയിലേക്ക് മടങ്ങിയെത്താനുള്ള അവസാന അവസരമായിരുന്നു റായ്പൂര്‍ ടി-20. മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ പരമ്പരയില്‍ 2-2ന് ഒപ്പമെത്താനും സീരീസ് സജീവമാക്കാനും കങ്കാരുക്കള്‍ക്ക് സാധിക്കുമായിരുന്നു. ഇനി ബെംഗളൂരുവിലെ ഡെഡ് റബ്ബര്‍ മത്സരം വിജയിച്ച് മടങ്ങാനാകും ഓസീസ് ശ്രമിക്കുന്നത്.

 

 

Content highlight: Ruturaj Gaikwad has a chance to surpass Virat Kohli in T20