സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണം: വ്ലാഡിമർ പുടിൻ
World News
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണം: വ്ലാഡിമർ പുടിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th October 2023, 10:43 pm

കിർഗിസ്ഥാൻ: കിഴക്കൻ ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ.

ഫലസ്തീൻ – ഇസ്രഈലി തർക്കത്തിൽ ചർച്ചകളല്ലാതെ മറ്റു ബദലുകൾ ഇല്ലെന്നും കോമൺവെൽത്ത് ഓഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ് ഉച്ചകോടിയിൽ പുടിൻ പറഞ്ഞു.

‘ഐക്യരാഷ്ട്ര സഭയുടെ രണ്ട് രാഷ്ട്രങ്ങൾ ഫോർമുല നടപ്പാക്കുന്നതാകണം ചർച്ചകളുടെ ലക്ഷ്യം. കിഴക്കൻ ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം രൂപീകരിക്കുകയും, ഇസ്രഈലുമായി സമാധാനത്തോടും സുരക്ഷിതത്വത്തോടും നിലകൊള്ളുകയും വേണം.

ഇസ്രഈൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമായത് നമ്മൾ കണ്ടു. തീർച്ചയായും സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രഈലിനുണ്ട്. സമാധാനപരമായ അസ്തിത്വം ഉറപ്പാക്കാനുള്ള അവകാശവും അവർക്കുണ്ട്,’ പുടിൻ ഉച്ചകോടിയിൽ പറഞ്ഞു.

സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കേണ്ടത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മനസ്സിലാക്കിയിടത്തോളം, ഇരു രാഷ്ട്രങ്ങൾക്കും ചർച്ചകൾ നടത്തുകയല്ലാതെ മറ്റു വഴികൾ ഇല്ല,’ പുടിൻ പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ 20 കുട്ടികൾ ഉൾപ്പെടെ 256 ഫലസ്തീനികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ഗസയിൽ വെടിനിർത്തണമെന്നും സഹായങ്ങൾ ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും യൂനിസെഫ് ആവശ്യപ്പെട്ടിരുന്നു.

ഗസയിലെ അവസ്ഥകൾ വളരെ മോശമായി തുടരുന്നതിനാൽ പലായനം ചെയ്യുന്നവർക്ക് സുരക്ഷിതമായ ഒരിടം ഇല്ലാതായെന്നും കുട്ടികൾക്ക് നേരെയുള്ള ആക്രമണത്തെ അവസാനിപ്പിക്കണമെന്നും ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ യൂനിസെഫ് വക്താവ് പറഞ്ഞിരുന്നു.

സമാനതകളില്ലാതെ ഫലസ്തീനികളെ ആക്രമിക്കുമെന്നുള്ള ഇസ്രഈൽ പ്രഖ്യാപനം പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച് അറബ് രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.കൂടാതെ സുരക്ഷിതപാത തയ്യാറാകുന്നത് വരെ കരയുദ്ധം പാടില്ലെന്ന് ഇസ്രഈലിനോട് യു.എസും ആവശ്യപ്പെട്ടിരുന്നു.

Content Highlight: Russian President Vladimir Putin stresses the creation of an independent Palestine state