ഫലസ്തീൻ അഭയാർത്ഥികൾക്ക് വീടുകളൊരുക്കി റഷ്യ
Worldnews
ഫലസ്തീൻ അഭയാർത്ഥികൾക്ക് വീടുകളൊരുക്കി റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2024, 12:28 pm

മോസ്കോ: ഫലസ്തീൻ അഭയാർത്ഥികൾക്കായി പാർപ്പിടങ്ങളൊരുക്കി റഷ്യ. റഷ്യയിലെ മുസ്ലീം ഭൂരിപക്ഷമായ ചെചെൻ റിപ്പബ്ലിക്കിൻ്റെ തലസ്ഥാനമായ ഗ്രോസ്നിയിലാണ് ഗസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 200-ലധികം ഫലസ്തീനികൾക്ക് അപ്പാർട്ട്മെൻ്റുകൾ നൽകിയതായി ചെചെൻ റിപ്പബ്ലിക്കിൻ്റെ പ്രാദേശിക നേതാവ് റംസാൻ കാദിറോവ് പറഞ്ഞത്.

Also Read: തലവന്‍; ക്ലൈമാക്‌സിലെ ആ സീന്‍ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല; പിന്നീട് അങ്ങനെയൊന്ന് കൊണ്ടുവരാന്‍ കാരണമുണ്ട്: ജിസ് ജോയ്

കഴിഞ്ഞ നവംബറിൽ റഷ്യൻ മേഖലയിലേക്ക് സ്വാഗതം ചെയ്യപ്പെട്ട അഭയാർഥികളെ സ്ഥിരമായി പാർപ്പിക്കുന്നതിനു വേണ്ടി അഞ്ച് അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളുടെ നിർമാണം കദിറോവിൻ്റെ അമ്മ അയ്മാനിയുടെ നേതൃത്വത്തിലുള്ള ഒരു ഫൗണ്ടേഷൻ ചുമതലപ്പെടുത്തിയിരുന്നു. ദുരിതബാധിതർക്കായി ഷെൽട്ടറുകൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള വലിയ തോതിലുള്ള പദ്ധതികൾ നിർമ്മിക്കുന്നതിനുള്ള സംരംഭമായിരുന്നു ഫൗണ്ടേഷൻ തുടങ്ങിയത്.

ചെച്‌നിയയെ റഷ്യയിലേക്ക് പുനഃസംയോജിപ്പിക്കുന്നത്തിനു വേണ്ടി പ്രധാന പങ്കുവഹിച്ച റംസാൻ്റെ പിതാവിൻ്റെ പേരിലുള്ള അഖ്മത് കദിറോവ് ഫൗണ്ടേഷൻ്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കെട്ടിടങ്ങൾ തുറന്നു കൊടുത്തത്.

നാല്പതോളം പുതിയ അപാർട്ട്മെന്റുകൾ അഭയാർത്ഥികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഏകദേശം ആറ് മാസത്തോളം സമയമെടുത്താണ് കെട്ടിടം നിർമിച്ചത്.

‘ഞങ്ങളുടെ അടിയന്തര പദ്ധതികളിൽ ചെചെൻ റിപ്പബ്ലിക്കിൽ ഒരു ഫലസ്തീൻ സമൂഹം സൃഷ്ടിക്കുന്നതും ഉൾപ്പെടുന്നു, അതുവഴി അഭയാർത്ഥികൾക്ക് അവരുടെ ദേശീയ സ്വത്വം സംരക്ഷിക്കാൻ കഴിയും,’ കദിറോവ് പറഞ്ഞു.

മറ്റെല്ലാവരെയും പോലെ യുദ്ധത്തിന്റെ ഇരുണ്ട വശങ്ങൾ തങ്ങൾക്ക് അറിയാമെന്നും, മനുഷ്യന്റെ നിസഹായതയും ദൈന്യതയും തങ്ങൾക്ക് എളുപ്പം മനസിലാകുമെന്നും അത് കൊണ്ട് തന്നെ ഫലസ്തീനികളുടെ ദുഃഖം തങ്ങളോട് വളരെ അടുത്ത നിൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീനോടുള്ള ഐക്യദാർഢ്യത്തിൻ്റെ ഭാഗമായി, ചെചെൻ റിപ്പബ്ലിക് ഗാസയിലേക്കുള്ള മാനുഷിക സഹായത്തിനും അഭയാർഥികളുടെ പുനരധിവാസത്തിനും വൻ തുക അനുവദിചിരുന്നു. ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് രക്ഷപ്പെട്ട് നിരവധി ഫലസ്തീനികളാണ് ചെച്‌നിയയിൽ അഭയം തേടിയത്.

ഇസ്രഈൽ ഫലസ്‌തീനിൽ തുടർന്ന് കൊണ്ടിരിക്കുന്ന വംശഹത്യയിൽ ഒക്ടോബർ മുതൽ ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളാണ് ഗസയിലെ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ടത്. 38000 ത്തിലധികം ഫലസ്തീനികളാണ് ഇതുവരെ ഇസ്രഈലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുടിയിറക്കപ്പെട്ട ഫലസ്തീനികൾ നേരിടുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിൽ ചെചെൻ റിപ്പബ്ലിക്കിൻ്റെ ഈ സംരംഭം മികച്ച മാതൃകയാണ്.

Content Highlight: Russia builds houses for Palestinian refugees