തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. ഒരുകാലത്ത് വിജയ്ക്കും അജിത്തിനും ബോക്‌സ് ഓഫീസില്‍ വെല്ലുവിളിയുയര്‍ത്തിയ സൂര്യക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. വന്‍ ഹൈപ്പിലെത്തിയ പല ചിത്രങ്ങളും പരാജയമാവുകയും മികച്ച പ്രതികരണം ലഭിച്ച ചിത്രങ്ങള്‍ ഒ.ടി.ടിയിലും പുറത്തിറക്കിയത് താരത്തിന് തിരിച്ചടിയായി.
സൂര്യക്ക് ശേഷം സിനിമയിലെത്തിയ പല നടന്മാരും ഇതിനിടെ ബോക്‌സ് ഓഫീസില്‍ അവരുടെ സ്ഥാനം മെച്ചപ്പെടുത്തിയതും താരത്തിന് തിരിച്ചടിയായി. ശിവകാര്‍ത്തികേയന്‍, ധനുഷ്, തുടങ്ങി ഏറ്റവുമൊടുവില്‍ പ്രദീപ് രംഗനാഥന്‍ വരെ സൂര്യയെക്കാള്‍ മികച്ച പ്രകടനം ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കുന്നുണ്ട്. മോശം സ്‌ക്രിപ്റ്റ് സെലക്ഷനാണ് സൂര്യക്ക് സംഭവിക്കുന്ന തിരിച്ചടികള്‍ക്ക് പ്രധാന കാരണം.
മികച്ച സിനിമകള്‍ ഒഴിവാക്കുന്നതും സൂര്യയുടെ തിരിച്ചടിക്ക് കാരണമാകുന്നുണ്ട്. സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കരയുമായി സൂര്യ ഒന്നിച്ച പുറനാനൂറ് എന്ന ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിന് മുമ്പ് സൂര്യ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. സൂര്യക്ക് പുറമെ നസ്രിയ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും പ്രൊജക്ടിന്റെ ഭാഗമായിരുന്നു.
ഈ ചിത്രം പരാശക്തി എന്ന പേരില്‍ ശിവകാര്‍ത്തികേയന്‍, അഥര്‍വ, ശ്രീലീല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധാ കൊങ്കര ഒരുക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ അടുത്തിടെ റിലീസായിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാകും പരാശക്തിയെന്ന് കടുത്ത ആരാധകര്‍ പോലും ഇതിന് പിന്നാലെ അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറയ ചിത്രമാകുമെന്ന് അവകാശപ്പെടുന്ന ഇരുമ്പ് കൈ മായാവിയും താരം ഒഴിവാക്കിയെന്നാണ് കേള്‍ക്കുന്നത്. ലോകേഷ് കനകരാജുമായി ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഇരുമ്പ് കൈ മായാവി. തന്റെ ഡ്രീം പ്രൊജക്ടാണ് ഇതെന്ന് ലോകേഷ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ പ്രൊജക്ട് ആമിര്‍ ഖാനുമായി ചേര്‍ന്ന് ലോകേഷ് ചെയ്യാനൊരുങ്ങുന്നുവെന്നാണ് റൂമറുകള്‍.
ലോകേഷ്- രജിനി കോമ്പോയിലൊരുങ്ങുന്ന കൂലിയില്‍ ആമിര്‍ ഖാന്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. കൂലിയുടെ സെറ്റില്‍ വെച്ചാണ് ലോകേഷ് ആമിറിനോട് ഇരുമ്പു കൈ മായാവിയുടെ കഥ പറഞ്ഞെന്നും ആമിര്‍ അതിന് ഓക്കെ പറഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല.
കങ്കുവയുടെ വമ്പന്‍ പരാജയത്തിന് ശേഷം തിയേറ്ററിലെത്താനുള്ള സൂര്യയുടെ ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷകളുയര്‍ത്തുന്നതായിരുന്നു. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. റൊമാന്റിക് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന റെട്രോ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.
Content Highlight: Rumors that Surya opted out from Irumbu Kai Mayavi and Lokesh approached Aamir Khan for the project