Film News
ഇതിപ്പോള്‍ ബിലാലിനെക്കാള്‍ വലിയ ഐറ്റമാകുമോ? അമല്‍ നീരദുമായി കൈകോര്‍ക്കാന്‍ തമിഴ് സൂപ്പര്‍താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 12, 02:32 am
Thursday, 12th December 2024, 8:02 am

മലയാളത്തിലെ സ്റ്റൈലിഷ് ഫിലിംമേക്കറെന്ന് അറിയപ്പെടുന്ന സംവിധായകനാണ് അമല്‍ നീരദ്. 2007ല്‍ പുറത്തിറങ്ങിയ ബിഗ് ബിയിലൂടെയാണ് അമല്‍ നീരദ് സംവിധാനരംഗത്തേക്ക് കാലെടുത്തുവെച്ചത്. മലയാളികള്‍ അതുവരെ കാണാത്ത തരത്തിലുള്ള മേക്കിങ്ങായിരുന്നു ബിഗ് ബിയുടേത്. റിലീസ് ചെയ്ത സമയത്ത് വലിയ വിജയമാകാത്ത ചിത്രം കാലങ്ങള്‍ക്കിപ്പുറം വലിയ ഫാന്‍ബേസ് ഉണ്ടാക്കിയെടുത്തു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ അപ്‌ഡേറ്റ് വരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

അമല്‍ നീരദിന്റെ ഓരോ സിനിമ റിലീസാകുമ്പോഴും ആരാധകര്‍ക്ക് അറിയേണ്ടത് ബിലാലിന്റെ വരവിനെക്കുറിച്ചാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ബിലാലിന് മുമ്പ് തമിഴ് സൂപ്പര്‍താരം സൂര്യയുമായി അമല്‍ നീരദ് കൈകോര്‍ത്തേക്കുമെന്നാണ്. ചിത്രത്തിന്റെ ഷൂട്ട് അടുത്തവര്‍ഷം പകുതിയോടെ ആരംഭിച്ചേക്കുമെന്നാണ് റൂമറുകള്‍. തമിഴ് ചാനലായ വലൈപ്പേച്ചാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സൂര്യ. മൂക്കുത്തി അമ്മന് ശേഷം ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൂര്യ 45 എന്നാണ് താത്കാലികമായി ഇട്ടിരിക്കുന്ന ടൈറ്റില്‍. സൂര്യക്കൊപ്പം തൃഷ്യയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഡ്വക്കേറ്റിന്റെ വേഷത്തിലാണ് സൂര്യ 45ല്‍ താരം പ്രത്യക്ഷപ്പെടുന്നത്. സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന സൂര്യ 44 അടുത്ത വര്‍ഷം പകുതിയോടെ റിലീസായേക്കുമെന്നാണ് കരുതുന്നത്.

സൂര്യ 44ന്റെ ചിത്രീകരണത്തിനിടെ അമല്‍ നീരദും സൂര്യയും തമ്മില്‍ കണ്ട് സംസാരിച്ചിരുന്നു. ഈ മീറ്റിങ്ങാണ് ഇപ്പോള്‍ സൂര്യ- അമല്‍ നീരദ് ചിത്രത്തെക്കുറിച്ചുള്ള റൂമറുകള്‍ ശക്തിപ്പെടുത്തുന്നത്. 45 ദിവസം മാത്രമേ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകുള്ളൂവെന്നും മലയാളത്തിലെയും തമിഴിലെയും ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിനായി ഒന്നിച്ചേക്കുമെന്നും റൂമറുകളുണ്ട്.

ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കിയ ബോഗയ്ന്‍വില്ല വലിയ വിജയമായിരുന്നു. ഇതുവരെ കാണാത്ത തരത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തിയിരുന്നു. നായകനെ സ്റ്റൈലിഷായി അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന അമല്‍ നീരദ് സൂര്യയുമായി ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Rumors that Amal Neerad will join hands with Suriya