ദക്ഷിണാഫ്രിക്ക ഇസ്രഈലി ജനങ്ങൾക്കെതിരല്ല, വംശഹത്യക്കും സയണിസത്തിനുമെതിരെയാണ്: ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്
World News
ദക്ഷിണാഫ്രിക്ക ഇസ്രഈലി ജനങ്ങൾക്കെതിരല്ല, വംശഹത്യക്കും സയണിസത്തിനുമെതിരെയാണ്: ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2024, 10:32 pm

‘ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചന ഭരണകൂടത്തെ ഒരിക്കലും താഴെയിറക്കാൻ കഴിയില്ലെന്ന് ആഫ്രിക്കൻ ജനത കരുതിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തിൽ നിന്ന് ഒറ്റപ്പെടുത്തൽ ഉണ്ടായപ്പോൾ തങ്ങൾക്ക് ഇതേ രീതിയിൽ തുടരാൻ ആകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. വർണവിവേചന രാഷ്ട്രമായ ഇസ്രാഈലിന്റെ കാര്യത്തിലും ലോകം ആ തിരിച്ചറിവിൽ എത്തണം.’

പ്രിട്ടോറിയ: ഇസ്രഈലി ഭരണകൂടത്തിന്റെ ലക്ഷ്യം ഫലസ്തീനികളെ ഇല്ലാതാക്കുക എന്നതാണെന്ന് ദക്ഷിണാഫ്രിക്കയുടെ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ (എ.എൻ.സി) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നോംവുല പൗല മോക്കോന്യാനെ.

ആശുപത്രിയിൽ വച്ച് കുട്ടികൾ കൊല്ലപ്പെടുന്ന ഗസയിലെ സാഹചര്യം മനുഷ്യത്വത്തിന് എതിരായ പ്രവർത്തിയാണെന്നും ഫലസ്തീനികളെ ഇല്ലാതാക്കുക എന്ന ഇസ്രഈലിന്റെ ഉദ്ദേശം തടയാനാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക കേസ് നൽകിയതെന്നും മോക്കോന്യാനെ ആർ.ടി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തങ്ങൾ ഇസ്രഈലിലെ ജനങ്ങൾക്കെതിരെ അല്ലെന്നും സയണിസം എന്ന സംവിധാനത്തിനെതിരാണെന്നും അവർ പറയുന്നു.

‘എ.എൻ.സിയുടെ ലക്ഷ്യം ഇസ്രഈലിലെ ജനങ്ങൾക്കെതിരാകുക എന്നതല്ല. ഞങ്ങൾ സയണിസം എന്ന സംവിധാനത്തിനെതിരാണ്. പരമാധികാര രാഷ്ട്രങ്ങളെ പിടിച്ചടക്കുന്നതിനും വംശഹത്യക്കുമെതിരാണ്,’ മോക്കോന്യാനെ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചന ഭരണകൂടത്തെ ഒരിക്കലും താഴെയിറക്കാൻ കഴിയില്ലെന്ന് ആഫ്രിക്കൻ ജനത കരുതിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ നിന്ന് ഒറ്റപ്പെടുത്തൽ ഉണ്ടായപ്പോൾ തങ്ങൾക്ക് ഇതേ രീതിയിൽ തുടരാൻ ആകില്ലെന്ന് അവർ തിരിച്ചറിഞ്ഞതായും മോക്കോന്യാനെ കൂട്ടിച്ചേർത്തു.

വർണവിവേചന രാഷ്ട്രമായ ഇസ്രാഈലിന്റെ കാര്യത്തിലും ലോകം ആ തിരിച്ചറിവിൽ എത്തണമെന്ന് മോക്കോന്യാനെ പറഞ്ഞു.

തങ്ങളുടെ ഹരജിക്ക് വിരുദ്ധമായാണ് കോടതി വിധി എങ്കിൽ എന്തുകൊണ്ട് ഇത് വംശഹത്യാ കൺവെൻഷന്റെ ലംഘനമല്ലെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്തം കോടതിയുടേതാണ് എന്നും അവർ വ്യക്തമാക്കി.

ഫലസ്തീൻ ജനതയാണ് ദക്ഷിണാഫ്രിക്കയെ നയിക്കേണ്ടതും ഉപദേശിക്കേണ്ടതുമെന്ന് മോക്കോന്യാനെ പറഞ്ഞു.

Content Highlight: Ruling party not against people of Israel, but against genocide – South African politician