അഗര്‍ത്തല: ത്രിപുര ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഭൂരിഭാഗം എം.എല്‍.എമാരും രംഗത്തെത്തിയതോടെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ചില മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും ഭിന്നാഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിനും ഇക്കാര്യം അറിയാം,’ മണിക് സാഹ പറഞ്ഞു.
60 അംഗ നിയമസഭയില്‍ 36 സീറ്റാണ് ബി.ജെ.പിയ്ക്കുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത മൂര്‍ച്ഛിച്ചത്.
സുദിപ് റോയ്ബര്‍മ്മനെ ഏകപക്ഷീയമായി ബിപ്ലബ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് പകരം മറ്റൊരാളെ ഇതുവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജില്ലാ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം തോറ്റമ്പിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭാ പുനസംഘടന നടത്തണമെന്ന് എം.എല്‍.എമാര്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ മറുപടി. ബിഹാറിലെ തെരഞ്ഞെടുപ്പിന് ശേഷവും തര്‍ക്കം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാതായതോടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ വിമത എം.എല്‍.എമാരും നേതാക്കളും തീരുമാനിച്ചത്.