'ക്രിയേറ്റിവിറ്റി ഒരിക്കലും മറ്റൊരു മതത്തെ അവഹേളിക്കാനാകരുത്'; കാളി പോസ്റ്റര്‍ വിവാദത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ്
national news
'ക്രിയേറ്റിവിറ്റി ഒരിക്കലും മറ്റൊരു മതത്തെ അവഹേളിക്കാനാകരുത്'; കാളി പോസ്റ്റര്‍ വിവാദത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th July 2022, 3:51 pm

ന്യൂദല്‍ഹി: കാളി ദേവിയെ പുകവലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്റര്‍ വിവാദമായതോടെ ന്യായീകരണവുമായി ആര്‍.എസ്.എസ്. രാജസ്ഥാനില്‍ നടക്കുന്ന അഖില ഭാരതീയ പ്രാന്ത് പ്രചാരക് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പ്രതികരണം. ഒരു വ്യക്തിയും ഒരു മതത്തേയും അവഹേളിക്കാന്‍ പാടില്ലെന്ന് ആര്‍.എസ്.എസ് പറഞ്ഞു.

പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം സംവിധായികയായ ലീന മണിമേഖലയ്‌ക്കെതിരെ വധഭീഷണിയും ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയിരുന്നു. ലീനയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും ഇവര്‍ പ്രതിഷേധം വ്യാപകമാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് ന്യായീയീകരണവുമായി ആര്‍.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത്.

‘സര്‍ഗാത്മക സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ അതൊരിക്കലും മറ്റൊരാളെയോ, മതത്തെയോ അവരുടെ വിശ്വാസത്തെയോ അവഹേളിക്കാന്‍ പാടില്ല,’ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ പറഞ്ഞു.

ലീന മണിമേഖല സംവിധാനം ചെയ്ത കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ആര്‍.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത്.

കാളി ദേവിയ്ക്ക് സമാനമായി വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയുടെ പതാക കയ്യില്‍ പിടിച്ചിരിക്കുന്നതും പോസ്റ്ററില്‍ കാണാം.

കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്രയുടെ പരാമര്‍ശവും വലിയ രീതിയില്‍ വിവാദമായിരുന്നു.

‘കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ ഇമാജിന്‍ ചെയ്യാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്,’ എന്നായിരുന്നു മഹുവയുടെ പരാമര്‍ശം. സംഭവത്തിന് പിന്നാലെ മഹുമ മൊയിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

‘സിക്കിമില്‍ പോയാല്‍ കാളി ദേവിക്ക് അവിടെയുള്ളവര്‍ വിസ്‌കി സമര്‍പ്പിക്കുന്നത് കാണാം. അതേസമയം ഉത്തര്‍പ്രദേശില്‍ പോയി വിസ്‌കി കൊടുത്താല്‍ വിവരമറിയും. സിക്കിമില്‍ വിസ്‌കിയാണ് പ്രസാദം, ഉത്തര്‍പ്രദേശില്‍ വിസ്‌കി കൊടുത്താല്‍ മതനിന്ദയാണ്,’ എന്നും മഹുവ മൊയിത്ര പറഞ്ഞിരുന്നു.

വിവാദ പരാമര്‍ശം നടത്തിയ മഹുവ മൊയിത്രയ്ക്ക് എതിരെ രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കെതിരെ കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: RSS reacts to Kaali poster row