2025 ചാമ്പ്യന്‍സ് ട്രോഫി നേടിയാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ ആധിപത്യം തുടരുന്നത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ആധിഥേയത്വം വഹിച്ച പാകിസ്ഥാന്‍ നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന പേര് പോലും നഷ്ടപ്പെടുത്തുന്നതായിരുന്നു മെന്‍ ഇന്‍ ഗ്രീന്‍ താരങ്ങള്‍ കളിച്ചത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍, സ്വന്തം മണ്ണില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ പുറത്തായത്.
ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും പിന്നീട് ഇന്ത്യയോടും പരാജയപ്പെട്ടായിരുന്നു മെന്‍ ഇന്‍ ഗ്രീനിന്റെ തുടക്കം. അഫ്ഗാനിസ്ഥാനെതിരായ തങ്ങളുടെ അവസാന മത്സരം മഴമൂലവും നഷ്ടമായി. ഇതോടെ വലിയ വിമര്‍ശനങ്ങളും ടീം നേരിടേണ്ടി വന്നിരുന്നു.
ഇപ്പോള്‍ പാകിസ്ഥാന്‍ ടീമിന്റെ മത്സരങ്ങള്‍ കാണാന്‍ താത്പര്യം നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് മുന്‍ താരം ഇമാദ് വസീം. പാകിസ്ഥാന്‍ ക്രിക്കറ്റ് കളിയില്‍ മികവ് പുലര്‍ത്തുന്നില്ലെന്നും അതിനാല്‍ പാകിസ്ഥാന്‍ ടീമിന്റെ മത്സരങ്ങള്‍ കാണാനുള്ള താത്പര്യവും നഷ്ടപ്പെട്ടെന്ന് പറയുകയാണ് ഇമാം.
മോശം ക്രിക്കറ്റ് കളിച്ചാല്‍ ആളുകള്‍ കാണാന്‍ വരില്ലെന്നുംചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മികച്ച രീതിയില്‍ ഏറ്റുമുട്ടിയപ്പോള്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നെന്നും ഇമാദ് പറഞ്ഞു.
‘ക്രിക്കറ്റ് കളിക്കേണ്ട രീതിയില്‍ കളിക്കണം, ഇത് ശരിയായ രീതിയല്ല. ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍, ഞാന്‍ പാകിസ്ഥാന്‍ ടീമിന്റെ ചില മത്സരങ്ങള്‍ കാണാറുണ്ട്, പക്ഷേ ഇപ്പോള്‍ അത് കാണാന്‍ എനിക്ക് താത്പര്യമില്ല,
നോക്കൂ, താത്പര്യം നഷ്ടപ്പെടുന്നതിന് കാരണമുണ്ട്, മോശം ക്രിക്കറ്റ് കളിച്ചാല്‍ ആളുകള്‍ കാണാന്‍ വരില്ല. ഫെബ്രുവരി 22ന് ലാഹോറില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരത്തില്‍ ജനങ്ങള്‍ നിറഞ്ഞതും അവര്‍ ക്രിക്കറ്റ് കളിക്കുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ടാകും,’ ഇമാദ് വസീം പറഞ്ഞു.
Content Highlight: Imad Wasim Criticize Pakistan Cricket Team