Advertisement
Kerala
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; പിടിയിലായത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍; സി.പി.ഐ.എമ്മിന് ബന്ധമില്ലെന്ന് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jul 30, 06:55 am
Sunday, 30th July 2017, 12:25 pm

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസില്‍ അറസ്റ്റിലായ മണിക്കുട്ടന്‍ വിവിധ കേസിലെ പ്രതിയാണ്. മറ്റൊരു പ്രതി പ്രമോദിന്റെ അച്ഛന്‍ ബി.എം.എസ് പ്രവര്‍ത്തകനാണെന്നും കോടിയേരി പറയുന്നു.

ശ്രീകാര്യത്തേത് രാഷ്ട്രീയ കൊലപാതകമേ അല്ല. പിടിയിലായ മണിക്കുട്ടനും രാജേഷും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു.


Dont Miss നിയസഭയില്‍ ചാവേറായി പൊട്ടിത്തെറിക്കണം; ഒരൊറ്റ സി.പി.ഐ.എം നേതാക്കളേയും ബാക്കിവെക്കരുത്; ഫേസ്ബുക്കില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഹ്വാനം


എന്നാല്‍ കൊലപാതകത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കൊലയാളി സംഘത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ഉണ്ടെന്നും കോടിയേരി പറഞ്ഞു.

പ്രതികള്‍ ആരായാലും നിര്‍ദാക്ഷ്യണ്യമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. നിയമവാഴ്ച തകര്‍ക്കാനുള്ള ശ്രമത്തെ സര്‍ക്കാര്‍ അംഗീകരിക്കില്ല. പ്രതികള്‍ക്കെതിരെ കര്‍ശനമായ നിലപാട് തന്നെ സര്‍ക്കാര്‍ സ്വീകരിക്കും.

ബി.ജെ.പി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു കൊലപാതകം നടന്നാല്‍ അപലപിക്കാന്‍ കൂടി അവര്‍ തയ്യാറാകുന്നില്ല. അക്രമം നടത്താന്‍ പരസ്യമായി അവര്‍ വെല്ലുവിളിക്കുകയാണ്.

നേതാക്കന്‍മാരെ ആക്രമിക്കും എന്ന് അവര്‍ പറയുകയാണ്. അവരുടെ ഇത്തരത്തിലുള്ള കൊലവിളി പ്രസംഗങ്ങളാണ് പല പ്രശ്‌നങ്ങളുടേയും കാരണമെന്നും കോടിയേരി പറഞ്ഞു.