സാമൂഹ്യ സൗഹാർദം നിലനിർത്തുമെങ്കിൽ ജാതി സെൻസസിനെ പിന്തുണക്കുന്നു: ആർ.എസ്.എസ്
national news
സാമൂഹ്യ സൗഹാർദം നിലനിർത്തുമെങ്കിൽ ജാതി സെൻസസിനെ പിന്തുണക്കുന്നു: ആർ.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd December 2023, 11:58 am

ന്യൂദൽഹി: സാമൂഹ്യ സൗഹാർദവും ഐക്യവും നിലനിർത്തുമെങ്കിൽ ജാതി

സെൻസസിനെ പിന്തുണക്കുന്നതായി ആർ.എസ്.എസ്. ആർ.എസ്.എസ് നേതാവ് ശ്രീധർ ഗാഡ്ഗെ ജാതി സെൻസസിനെതിരെ രംഗത്ത് വന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആർ.എസ്.എസിന്റെ പുതിയ നിലപാട്.

മോശം പ്രത്യയശാസ്ത്രങ്ങൾ വെച്ചുപുലർത്തുന്ന പിന്നാക്ക വിരുദ്ധരാണ് ബി.ജെ.പിയും ആർ.എസ്.എസുമെന്ന് ആർ.ജെ.ഡി വിമർശനം ഉന്നയിച്ചതിന് പിന്നാലെ ആർ.എസ്.എസിന്റെ പബ്ലിസിറ്റി ചുമതല വഹിക്കുന്ന സുനിൽ അംബേദ്കർ ജാതി സെൻസസ് സംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടു.

സംഘപരിവാർ ഏതെങ്കിലും സെൻസസിന് എതിരല്ലെന്നും എന്നാൽ അത് സമൂഹത്തിന്റെ ആകെയുള്ള ഉന്നമനത്തിന് വേണ്ടിയാകണമെന്നും പ്രസ്താവനയിൽ പറയുന്നു.

‘അടുത്തയിടെ, ജാതി സെൻസസ് സംബന്ധിച്ച ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. അത് സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ളതാകണമെന്ന കാഴ്ചപ്പാടാണ് ഞങ്ങൾക്കുള്ളത്.

സെൻസസ് നടപ്പാക്കുമ്പോൾ സാമൂഹ്യ സൗഹാർദത്തിനും അഗണ്ഡതക്കും കോട്ടം സംഭവിക്കുന്നില്ലെന്ന് എല്ലാ കക്ഷികളും ഉറപ്പാക്കണം,’ പ്രസ്താവനയിൽ പറയുന്നു.

വിവേചനങ്ങളില്ലാത്ത സൗഹാർദവും സാമൂഹ്യനീതിയും അടിസ്ഥാനമാക്കിയ ഹിന്ദു സമൂഹത്തെ രൂപീകരിക്കുക എന്നതാണ് ആർ.എസ്.എസിന്റെ ലക്ഷ്യമെന്നും വിവിധ ചരിത്ര കാരണങ്ങൾ കൊണ്ട് സാമ്പത്തികമായും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും വിവിധ വിഭാഗങ്ങൾ പിന്നാക്കം നിൽക്കുന്നുവെന്നത് സത്യമാണെന്നും സുനിൽ അംബേദ്കർ പറഞ്ഞു.

പ്രത്യേക ജാതികളുടെ ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ജാതി സെൻസസ് രാഷ്ട്രീയമായി ചില ആളുകൾക്ക് മാത്രമേ ഗുണം ചെയ്യൂ എന്നും ദേശീയ അഗണ്ഡതക്ക് അത് ഉചിതമല്ലെന്നും വിദർഭ മേഖലയിലെ ആർ.എസ്.എസ് സഹസംഘ്ചാലക് ശ്രീധർ ഗാഡ്ഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ജാതി സെൻസസ് നടത്തരുത്. എന്താണ് അതുകൊണ്ടുള്ള ഗുണം? ജാതിയുടെ അടിസ്ഥാനത്തിൽ ജനസംഖ്യ നിർണയിക്കുകയാണ് ചെയ്യുക. അത് സമൂഹത്തിന്റെയോ ദേശത്തിന്റെയോ താത്പര്യത്തിന് വിധേയമല്ല,’ ശ്രീധർ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിൽ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഉന്നയിച്ച ഏറ്റവും പ്രധാന ആവശ്യങ്ങളിൽ ഒന്ന് സെൻസസ് നടപ്പിലാക്കുക എന്നതായിരുന്നു.

Content Highlight: RSS backs caste census, but says it should ensure harmony, unity in society