national news
തൊഴിലാളി നിയമങ്ങള്‍ ഇല്ലാതാക്കുന്ന ബി.ജെ.പി ഭരണ സംസ്ഥാനങ്ങള്‍; രാജ്യ വ്യാപക പ്രക്ഷോഭം നയിക്കുമെന്ന് ആര്‍.എസ്.എസ് തൊഴിലാളി സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 14, 01:17 pm
Thursday, 14th May 2020, 6:47 pm

ന്യൂദല്‍ഹി: തൊഴില്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ ബി.ജെ.പി ഭരണ സംസ്ഥാനങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ആര്‍.എസ്.എസ് അനുകൂല തൊഴിലാളി സംഘടന ബി.എം.എസ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും നിയമങ്ങളുടെ വ്യാപക ലംഘനം നടത്തിയതിനാലാണ് ലോക്ഡണ്‍ കാലത്ത് അതിഥി തൊഴിലാളി പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും സംഘടന പറഞ്ഞു.

എട്ട് മണിക്കൂര്‍ ജോലിയെന്നത് 12 മണിക്കൂര്‍ ആക്കാന്‍ പോകുന്ന സംസ്ഥാനങ്ങളുടെ നടപടിയ്‌ക്കെതിരെയും ബി.എം.എസ് പ്രതികരിച്ചു. ചരിത്രത്തില്‍ ജനാധിപത്യ വിരുദ്ധ രാജ്യങ്ങളില്‍ പോലും നടപ്പിലാക്കിയിട്ടാത്ത കേട്ടുകേള്‍വിയില്ലാത്തതാണ് ഈ നടപടിയെന്ന് ബി.എം.എസ് ജനറല്‍ സെക്രട്ടറി വിജ്രേഷ് ഉപാദ്ധ്യായ് പറഞ്ഞു.

മെയ് 20ന് രാജ്യവ്യാപകമായി പ്രക്ഷോഭ ദിനം ആചരിക്കും. മറ്റ് പ്രക്ഷോഭ പരിപാടികളും ആലോചിക്കുമെന്ന് സംഘടന പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ ഭൂരിഭാഗവും നിര്‍ത്തലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മെയ് 8ന് ഓര്‍ഡിനന്‍സ് പാസ്സാക്കിയിരുന്നു. സംസ്ഥാനത്തെ 30ലധികം തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയാണ് ഓര്‍ഡിനന്‍സ്.

മധ്യപ്രദേശിലെ തൊഴില്‍ നിയമങ്ങളില്‍ വ്യാപകമാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രചോദനം നല്‍കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.