എന്ന് നിന്റെ മൊയ്തീനില്‍ അഭിനയിക്കേണ്ടിയിരുന്നത് ദിലീപും കാവ്യയും; ദിലീപ് നടത്തിയ കള്ളത്തരമാണ് അത് ഇല്ലാതാക്കിയതെന്ന് ആര്‍.എസ് വിമല്‍
Daily News
എന്ന് നിന്റെ മൊയ്തീനില്‍ അഭിനയിക്കേണ്ടിയിരുന്നത് ദിലീപും കാവ്യയും; ദിലീപ് നടത്തിയ കള്ളത്തരമാണ് അത് ഇല്ലാതാക്കിയതെന്ന് ആര്‍.എസ് വിമല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th July 2017, 10:59 am

കോഴിക്കോട്: എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനായിരുന്നു താന്‍ ആദ്യം ആലോചിച്ചിരുന്നതെന്നും എന്നാല്‍ ദിലീപ് ചെയ്ത കള്ളമാണ് എല്ലാം ഇല്ലാതാക്കിയതെന്നും സംവിധായകന്‍ ആര്‍.എസ് വിമല്‍.

2007ല്‍ ഞാന്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയിരുന്നു. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിച്ചു.

അതോടൊപ്പം ഡോക്യുമെന്ററിയുടെ ഒരു കോപ്പി വേണമെന്നും ദിലീപിനെ കാണിക്കാനാണെന്നും പറഞ്ഞു. പിന്നീട് ദിലീപ് വിളിക്കുകയും സിനിമ ചെയ്യാനുള്ള താത്പര്യം അറിയിക്കുകയും ചെയ്തു.


Dont Miss രാജസ്ഥാനില്‍ കൊള്ളസംഘാംഗത്തിന്റെ ഏറ്റുമുട്ടല്‍കൊലയ്‌ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി: 20 പൊലീസുകാര്‍ക്ക് പരുക്ക്


എന്നാല്‍ പൊടുന്നനെ ദിലീപ് ചിത്രത്തില്‍ നിന്നും പിന്‍മാറി. പുതിയ സംവിധായകന്റെ പടം ചെയ്യുകയും അത് പൊട്ടിപ്പോകുകയും ചെയ്തതാണ് ദിലീപിനെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത്. അതുകൊണ്ടു തന്നെ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാന്‍ താത്പര്യമില്ലെന്ന് ദിലീപ് അറിയിച്ചു.

എന്നാല്‍ യഥാര്‍ത്ഥ സംഗതി നടക്കുന്നത് പിന്നീടാണ്. ഒരുദിവസം കാവ്യാ മാധവന്‍ എന്നെ വിളിച്ച് പൊട്ടിത്തെറിച്ചു. നിങ്ങള്‍ക്ക് ഞാന്‍ നല്ല ഒരവസരമല്ലേ ഒരുക്കിത്തന്നതെന്നും അതെന്തിന് ഇല്ലാതാക്കി എന്നുമായിരുന്നു കാവ്യയുടെ ചോദ്യം. അന്ന് അത് എന്തിനാണെന്ന് മനസിലായില്ലെങ്കിലും പിന്നീട് കാര്യം മനസിലായി. സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് എന്നോട് പറഞ്ഞ ദിലീപ് കാവ്യയോട് പറഞ്ഞത് ദിലീപിനെ നായകനാക്കാന്‍ ഞാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നായിരുന്നു- വിമല്‍ വ്യക്തമാക്കി.

ബി.പി മൊയ്തീന്‍ സേവാമന്ദിര്‍ പണിയാനായി ദിലീപ് 30 ലക്ഷം രൂപ നല്‍കിയത് യഥാര്‍ത്ഥത്തില്‍ തന്നോടുള്ള പക വീട്ടലായിരുന്നുവെന്നും വിമല്‍ പറയുന്നു. എന്ന് നിന്റെ മൊയ്തീന്‍ ഇത്രയും ഹിറ്റാകുമെന്നും ജനപ്രിയമാകുമെന്നും ദിലീപ് കരുതിയില്ല. തുടര്‍ന്ന് ഒരു സുപ്രഭാതത്തില്‍ ദിലീപ് ഇതിലേക്ക് കടന്നുവരികയായിരുന്നു. ബി.പി മൊയ്തീന്‍ സേവാമന്ദിറിന് 30 ലക്ഷം നല്‍കി അദ്ദേഹം ജനപ്രിയനായി മാറി. അതേസമയം ഞാനും പൃഥ്വിരാജും ഏറെ പഴികേട്ടു. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടെന്നും വിമല്‍ പറയുന്നു.

അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ 30 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്നും ആര്‍.എസ് വിമല്‍ ആവശ്യപ്പെട്ടു.

താഴേക്ക് വീണുകൊണ്ടിരിക്കുന്ന ആളുടെ തലയില്‍ വീണ്ടും ചവിട്ടി താഴ്ത്തുന്നവനല്ല താനെന്നും താനനുഭവിച്ച വേദന പങ്കുവെച്ചില്ലെങ്കില്‍ അത് തന്നോടു തന്നെ ചെയ്യുന്ന ചതിയായിരിക്കുമെന്നും വിമല്‍ വ്യക്തമാക്കി.