കൊച്ചി: പി.ടി. തോമസ് എം.എല്‍.എക്കെതിരെ മാനനഷ്ടക്കേസ് നല്‍കി കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ്. അഡ്വ. ബ്ലെയ്‌സ് ജോസ് വഴിയാണ് സാബു വക്കീല്‍ നോട്ടീസ് അയച്ചത്.
തനിക്കും കമ്പനിക്കുമെതിരെ പി.ടി. തോമസ് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കിയില്ലെന്നും അതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കിറ്റെക്‌സ് പറഞ്ഞു.
കിറ്റെക്‌സ് ഗാര്‍മെന്റസ് ലിമിറ്റഡ്, കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്‌സ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
52 വര്‍ഷം കൊണ്ട് അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് ഉണ്ടാക്കിയ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നാണ് കിറ്റക്‌സ് അയച്ച നോട്ടീസില്‍ പറയുന്നത്. നേരത്തെ കിറ്റക്‌സ് ഗ്രൂപ്പിനെതിരെ പി.ടി. തോമസ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. കിറ്റെക്‌സ് കമ്പനിയില്‍ നിന്നുള്ള മാലിന്യം കടമ്പ്രയാര്‍ നദി മലിനപ്പെടുത്തുന്നെന്നായിരുന്നു എം.എല്‍.എയുടെ ആരോപണം.
ഇതിന് പിന്നാലെ ആരോപണം എം.എല്‍.എ. തെളിയിക്കുകയാണെങ്കില്‍ 50 കോടി നല്‍കുമെന്ന് സാബു ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സാബു ജേക്കബ് നല്‍കുമെന്ന് പ്രഖ്യാപിച്ച 50 കോടി രൂപ വേണ്ടെന്നും ജീവന്റേയും പരിസ്ഥിതിയുടേയും കുടിവെള്ളത്തിന്റേയും പ്രശ്‌നമാണെന്നും പി.ടി. തോമസ് പറഞ്ഞിരുന്നു.
ഇതിനെയെല്ലാം കേവലം 50 കോടിയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ല. തെറ്റായ മാര്‍ഗങ്ങളിലൂടെയുള്ള പണമായതിനാല്‍ തനിക്ക് ആ തുക ആവശ്യമില്ലെന്നും പി.ടി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും 13 വര്‍ഷം പിന്നിട്ടിട്ടും സുപ്രീംകോടതി നിഷ്‌കര്‍ഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം കിറ്റെക്‌സ് കമ്പനി സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന ഉടമ സാബു ജേക്കബിന്റെ വാദം തെറ്റാണ്. കിറ്റെക്‌സ് കമ്പനിയില്‍ നിന്നുള്ള മാലിന്യം കടമ്പ്രയാര്‍ നദി മലിനപ്പെടുത്തുന്നുണ്ടെന്ന് 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ ഉന്നയിക്കപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പാണ് താന്‍ ഇതുസംബന്ധിച്ച് നടപടികളിലേക്ക് കടന്നതെന്നും ആ കാരണത്താലാണ് തനിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രതികാരം ചെയ്യാന്‍ സാബു ജേക്കബ് ശ്രമിച്ചതെന്നും പി.ടി. തോമസ് എം.എല്‍.എ. പറഞ്ഞു.