Entertainment news
ആ സിനിമ ആസിഫിനെ പോലെയുള്ള നടനെ വെച്ച് ചെയ്തൂടെ എന്ന് ഞാനവരോട് ചോദിച്ചിരുന്നു: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 03, 05:26 am
Sunday, 3rd December 2023, 10:56 am

ഒരുപാട് സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും റോണി ഡേവിഡ് എന്ന നടനെ പലർക്കും സുപരിചതമല്ലായിരുന്നു. ആനന്ദത്തിലെ ചാക്കോ മാഷ് എന്ന് പറഞ്ഞാലായിരുന്നു തന്നെ ആളുകൾ തിരിച്ചറിഞ്ഞതെന്നും എന്നാൽ കണ്ണൂർ സ്‌ക്വാഡിന് ശേഷം അതിൽ മാറ്റമുണ്ടെന്നും റോണി ഡേവിഡ് പറഞ്ഞു.

കണ്ണൂർ സ്‌ക്വാഡിന് മുൻപ് ഷൂട്ട് ചെയ്ത ചിത്രമാണ് ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത പഴഞ്ചൻ പ്രണയം. എന്നാൽ ചിത്രം റിലീസ് ചെയ്തത് കണ്ണൂർ സ്‌ക്വാഡിന് ശേഷമാണ്. പഴഞ്ചൻ പ്രണയം തന്നിലേക്ക് വന്നപ്പോൾ ഈ കഥാപാത്രം ആസിഫ് അലിയെ പോലെയുള്ള നടന്മാരെ വെച്ച് ചെയ്തൂടെ എന്ന് ചോദിച്ചിരുന്നെന്നും റോണി ഡേവിഡ് പറഞ്ഞു. എന്നാൽ സംവിധായൻ അവരുടെ മുന്നിൽ പോയി ഡേറ്റ് വാങ്ങിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞെന്നും റോണി പറയുന്നുണ്ട്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുയായിരുന്നു താരം.

 

‘ഈ സിനിമ എന്റെ അടുത്തേക്ക് വന്നപ്പോൾ ഈ കഥാപാത്രം ആസിഫിനെ പോലെ ആരെങ്കിലും വെച്ച് ചെയ്‌താൽ നന്നായിരുന്നു എന്ന് ഞാൻ പറഞ്ഞു. അവരുടെയൊക്കെ ഡേറ്റ് അവൈലബിലിറ്റി കാര്യങ്ങളൊക്കെ വെച്ചിട്ട് ‘എടാ അവരുടെ മുന്നിൽ പോയി നിന്ന് ഡേറ്റ് വാങ്ങിക്കാനുള്ള കഴിവ് എനിക്കില്ല’ എന്നവൻ പറഞ്ഞു. ഞാൻ ഈ സിനിമയിലേക്ക് വന്നു കഴിഞ്ഞാൽ നിങ്ങളുടെ ബിസിനസ്സിൽ ബാധിക്കില്ലേ.

സിനിമയിൽ കണ്ണൂർ സ്‌ക്വാഡിന് മുന്നേ ഭയങ്കര പ്രശ്നത്തിലാണ്. നമ്മൾ ആരാന്ന് ചോദിച്ചാൽ ആനന്ദത്തിൽ ചാക്കോ മാഷ് എന്നാണ് പറയുക. ആ കഥാപാത്രത്തിന്റെ പേര് പറഞ്ഞാൽ മാത്രമേ ആളുകൾക്ക് മനസ്സിലാവുകയുള്ളൂ. എന്റെ പേര് പോലും പലർക്കും അറിയില്ല. അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ നീ തന്നെ മതി എന്നാണ് മറുപടി പറഞ്ഞത്.

ഞാൻ ആത്മാർത്ഥമായി തന്നെയാണ് ചെയ്തത്. ഞാൻ ചെറിയ മാനറിസം ഒക്കെ കാണിച്ചിട്ടുണ്ട്. എല്ലാ സിനിമയിലും ഈ ചുരുണ്ടമുടിയും താടിയും തന്നെയാണ്. പല പല മാനറിസം കാണിച്ചു മൂപ്പർക്ക് ഇഷ്ടപ്പെട്ടത് കണ്ണ് ചിമ്മുന്നതായിരുന്നു. അത് കഥാപാത്രത്തിന് വേണ്ടി ശ്രദ്ധാപൂർവ്വം ചെയ്തതായിരുന്നു,’ റോണി ഡേവിഡ് പറഞ്ഞു.

Content Highlight: Rony david about the reason for choosing the movie Pazhanjan Pranaam