എന്തായാലും ഞങ്ങൾക്കൊപ്പം റൊണാൾഡോ കളിക്കില്ല, അൽ നസറിൽ തന്നെ കളിക്കട്ടെ; താരത്തിന്റെ ചാമ്പ്യൻസ് ലീഗ് മോഹം അവസാനിക്കുമോ?
football news
എന്തായാലും ഞങ്ങൾക്കൊപ്പം റൊണാൾഡോ കളിക്കില്ല, അൽ നസറിൽ തന്നെ കളിക്കട്ടെ; താരത്തിന്റെ ചാമ്പ്യൻസ് ലീഗ് മോഹം അവസാനിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th January 2023, 11:00 am

സൗദി അറേബ്യൻ ക്ലബ്ബ് അൽ നസറുമായി കരാർ ഒപ്പിട്ട ശേഷം ഞെട്ടിക്കുന്ന വാർത്തകളാണ് പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപറ്റി വന്ന് കൊണ്ടിരിക്കുന്നത്.

225 മില്യൺ യൂറോക്കാണ് റൊണാൾഡോയെ സൗദി ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. എന്നാൽ കളിക്കാരനെന്ന നിലയിൽ കരിയർ അവസാനിപ്പിച്ചാൽ പരിശീലകനെന്ന നിലയിൽ ക്ലബ്ബിൽ തുടരാമെന്ന വാഗ്ദാനവും ക്ലബ്ബ് റൊണാൾഡോക്ക് നൽകിയിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

എന്നാലിപ്പോൾ റൊണാൾഡോക്ക് ന്യൂകാസിൽ യുണൈറ്റഡ് വഴി ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയും എന്ന രീതിയിൽ മുമ്പ് പുറത്ത് വന്നിരുന്ന വാർത്തകൾ വ്യാജമാണ് എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക.

സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമകൾ. അതിനാൽ തന്നെ നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡിന് ലീഗ് അവസാനിക്കുമ്പോൾ ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്യാനായാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും.

അത്‌ കൊണ്ട് തന്നെ ന്യൂ കാസിലിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചാൽ റൊണാൾഡോയെ ലോൺ അടിസ്ഥാനത്തിൽ അൽ നസർ ന്യൂകാസിൽ യുണൈറ്റഡിന് വിട്ട് നൽകുമെന്നായിരുന്നു പുറത്ത് വന്ന അഭ്യൂഹങ്ങൾ.

റോണോ അൽ നസറുമായി ഒപ്പുവെച്ച കരാറിലാണ് ഈ വ്യത്യസ്തമായ നിർദേശം ഉള്ളത് എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ.

എന്നാലിപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് സ്കൈ സ്പോർട്സിന് നൽകിയ ആഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് ന്യൂ കാസിൽ യുണൈറ്റഡ് കോച്ച് എഡി ഹൊവേ.

“റൊണാൾഡോക്ക് അദ്ദേഹത്തിന്റെ പുതിയ തട്ടകത്തിൽ നന്നായി തിളങ്ങാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. പക്ഷെ റൊണാൾഡോ ന്യൂ കാസിലിൽ കളിക്കുമെന്നതിൽ യാതൊരു സത്യവുമില്ല,’ അദ്ദേഹം പ്രതികരിച്ചു.

എന്നാൽ ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ മികച്ച താരങ്ങളെ അൽ നസർ ക്ലബ്ബിലേക്കെത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക എന്നാതാണ് പ്രീമിയർ ലീഗിലെ പുതിയ സീസണിലെ ക്ലബ്ബിന്റെ ലക്ഷ്യം എന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

അതേസമയം പ്രീമിയർ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 35 പോയിന്റുകൾ നേടിയ ന്യൂ കാസിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. 35പോയിന്റുകൾ നേടി മാഞ്ചാസ്റ്റർ യുണൈറ്റഡ് ന്യൂ കാസിലിനൊപ്പമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ന്യൂ കാസിലിനാണ് മുൻതൂക്കം. ജനുവരി 15ന് ഫുൾഹാമിനെതിരെയാണ് ന്യൂ കാസിൽ യുണൈറ്റഡ് അടുത്ത പ്രീമിയർ ലീഗ് മത്സരം കളിക്കുന്നത്.

 

Content Highlights:Ronaldo won’t play with us anyway said new castle united coach