ലോക ഫുട്ബോളിലെ ഏറ്റവും എലൈറ്റായ പുരസ്കാരം എന്നറിയപ്പെടുന്ന ബഹുമതിയാണ് ബാലൻ ഡി ഓർ. ഫ്രഞ്ച് ഫുട്ബോൾ മാഗസിനാണ് പുരസ്കാരം നൽകുന്നത്.
ഏഴ് ബാലൻ ഡി ഓർ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ലയണൽ മെസിയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം സ്വന്തമാക്കിയത്.
അഞ്ച് ബാലൻ ഡി ഓർ ലഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ മെസിക്ക് തൊട്ട് പിന്നാലെയുണ്ട്.
എന്നാലിപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 2013ൽ ബാലൻ ഡി ഓർ നൽകാനുള്ള തീരുമാനം നീതിപൂർവ്വമല്ലെന്നും അതൊരു രാഷ്ട്രീയ പരമായ തീരുമാനമാണെന്നും പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫ്രാങ്ക് റൈബെറി.
ഫ്രഞ്ച് താരവും മുൻ ബയേൺ മ്യൂണിക്ക് താരവുമായിരുന്ന ഫ്രാങ്ക് റൈബെറിക്ക് 2013 ലെ ബാലൻ ഡി ഓർ പുരസ്കാരം ലഭിക്കുമെന്ന് നിരവധി പേർ കരുതിയിരുന്നു.
2013 സീസണിൽ മികച്ച ഫോമിലായിരുന്നു താരം കളിച്ചിരുന്നത്. 34 ഗോളുകൾ ആ സീസണിൽ നിന്നും സ്വന്തമാക്കിയ റൈബെറി ബയേണിന് ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ചാമ്പ്യൻസ് ലീഗ് കൂടാതെ ലീഗ് ടൈറ്റിലും 2013ൽ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയിരുന്നു.കൂടാതെ ആ വർഷം യൂറോപ്പിലെ മികച്ച താരമായി റൈബെറിയെ യുവേഫ തിരഞ്ഞെടുത്തിരുന്നു.
എന്നാൽ 2013ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള വോട്ടെടുപ്പിൽ ഫ്രാങ്ക് റൈബെറി മൂന്നാം സ്ഥാനക്കാരനായി പിന്തള്ളപ്പെട്ടിരുന്നു. 27.99ശതമാനം വോട്ടുമായി റൊണാൾഡോ ഒന്നാമതെത്തിയപ്പോൾ 24.72ശതമാനം വോട്ടുമായി മെസി രണ്ടാമതും 23.36ശതമാനം വോട്ടുമായി റൈബെറി മൂന്നാമതുമാണ് എത്തിയത്.
“അത് ഒട്ടും ശരിയല്ലാത്ത ഒരു തീരുമാനമായിരുന്നു. എന്റെ വളരെ മികച്ച ഒരു സീസണായിരുന്നു അത്. അത് കൊണ്ട് തന്നെ ബാലൻ ഡി ഓറിന് ഞാൻ അർഹനുമായിരുന്നു. എന്നാൽ വോട്ടെടുപ്പിനുള്ള സമയം നീട്ടിയതോടെ അസാധാരണമായ പലതും സംഭവിച്ചു.