റൊണോൾഡോ ജൂനിയർ റയലിലെത്തി; റൊണാൾഡോയും റയലിലേക്കോ?
football news
റൊണോൾഡോ ജൂനിയർ റയലിലെത്തി; റൊണാൾഡോയും റയലിലേക്കോ?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th December 2022, 8:24 am

യൂറോപ്പിൽ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ലോകകപ്പിനോട് അനുബന്ധിച്ച് നിർത്തി വെച്ചിരുന്ന ലീഗുകളാണ് ഡിസംബർ 26 മുതൽ വീണ്ടും തുടങ്ങിയത്. ഡിസംബർ, ജനുവരി മാസങ്ങളിലായി പ്രമുഖ ലീഗുകൾ എല്ലാം വീണ്ടും പുനരാരംഭിക്കും.

എന്നാൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇത് വരെയും സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

37കാരനായ താരം സൗദി അറേബ്യൻ ക്ലബ്ബ് അൽ-നാസറിലേക്ക് 200 മില്യൺ യൂറോയുടെ കരാറിൽ കളിക്കാൻ തയാറെടുക്കുന്നു എന്ന വാർത്ത സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്കയും ഇറ്റാലിയൻ സ്പോർട്സ് ജേർണയലിസ്റ്റായ ഫാബ്രിസിയോ റൊമാനോയും അടക്കം പുറത്ത് വിട്ടിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇത് വരേക്കും പുറത്ത് വന്നിട്ടില്ല.

 

 

എന്നാലിപ്പോൾ റൊണാൾഡോയുടെ മകനായ ക്രിസ്റ്റ്യാനോ ജൂനിയർ റയൽ മാഡ്രിഡ്‌ അക്കാദമിയിൽ ചേർന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

റയൽ മാഡ്രിഡിന്റെ മുൻ താരവും റൊണാൾഡോയുടെ അടുത്ത സുഹൃത്തുമായ എൻസോയുടെ മകനൊപ്പമാണ് റോണോ ജൂനിയർ റയൽ മാഡ്രിഡിൽ കളിക്കുക.

റൊണാൾഡൊ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന സമയത്ത് അദേഹത്തിന്റെ മൂത്ത മകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിലാണ് കളിച്ചിരുന്നത്. താരം ക്ലബ് വിട്ടതോടെ റൊണാൾഡോ ജൂനിയറും മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി വിടുകയുണ്ടായി.പന്ത്രണ്ട് വയസുള്ള റൊണാൾഡോ ജൂനിയർ പിതാവായ റൊണാൾഡോ കളിച്ചിരുന്ന ക്ലബുകളുടെ അക്കാദമിയിൽ തന്നെയാണ് ഇതുവരെ കളിച്ചിരുന്നത്. റയൽ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളുടെ അക്കാദമിയിൽ റൊണാൾഡോ ജൂനിയർ കളിച്ചിട്ടുണ്ട്.

ജൂനിയർ റയൽ മാഡ്രിഡിൽ ചേർന്നതിനാൽ റൊണാൾഡോയും റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് സോഷ്യൽ മീഡിയയിലടക്കം അഭ്യൂഹങ്ങളുണ്ട്. റൊണാൾഡോ ഇനി ഏത് ക്ലബ്ബിലേക്ക് ചേക്കേറിയായാലും റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ തന്നെയായിരിക്കും റൊണാൾഡോ ജൂനിയർ കളിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ഇരുപതു മത്സരങ്ങളിൽ നിന്നും അമ്പത് ഗോളുകൾ ജൂനിയർ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

അതേസമയം തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും മാൻയുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം പിരിയുകയായിരുന്നു.

 

Content Highlights: Ronaldo Jr. joins Real madrid fans waiting ronaldo’s club joining