എന്നെ സംബന്ധിച്ച് വിനിയാണ് ലോകത്തെ ഏറ്റവും മികച്ച 1V1 താരം; വിനീഷ്യസ് ജൂനിയറെ പുകഴ്ത്തി ബാഴ്‌സലോണ സൂപ്പര്‍താരം
Football
എന്നെ സംബന്ധിച്ച് വിനിയാണ് ലോകത്തെ ഏറ്റവും മികച്ച 1V1 താരം; വിനീഷ്യസ് ജൂനിയറെ പുകഴ്ത്തി ബാഴ്‌സലോണ സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th May 2023, 10:59 am

റയല്‍ മാഡ്രിഡ് സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറെ വാനോളം പ്രശംസിച്ച് ബാഴ്‌സലോണ താരം റൊണാള്‍ഡ് അരൗഹോ. വണ്‍ ഓണ്‍ വണ്‍ സാഹചര്യങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച താരം വിനീഷ്യസ് ആണെന്നാണ് അരൗഹോ പറഞ്ഞത്. ബാഴ്‌സ യൂനിവേഴ്‌സലിനോട് സംസാരിക്കവെയാണ് അരൗഹോ വിനിയെ പ്രശംസിച്ച് സംസാരിച്ചത്.

‘എന്നെ സംബന്ധിച്ച് വിനീഷ്യസ് ആണ് ലോകത്തെ ഏറ്റവും മികച്ച 1V1 (വണ്‍ ഓണ്‍ വണ്‍) താരം. അവന്‍ ഡുവലുകള്‍ സൃഷ്ടിച്ച് ടീമിനെ ജയിക്കാന്‍ സഹായിക്കുന്നത് അഭിനന്ദനാര്‍ഹമാണ്,’ അരൗഹോ പറഞ്ഞു.

ഈ സീസണില്‍ അഞ്ച് തവണയാണ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും കൊമ്പുകോര്‍ത്തത്. കോപ്പ ഡെല്‍ റേയിലെ സെമി ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ ബാഴ്‌സയെ കീഴപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് വിനീഷ്യസ് അക്കൗണ്ടിലാക്കിയിരുന്നത്.

കാര്‍ലോ ആന്‍സലോട്ടിക്ക് കീഴില്‍ മികച്ച പ്രകടനമാണ് വിനീഷ്യസ് കാഴ്ചവെക്കുന്നത്. ലോസ് ബ്ലാങ്കോസിനായി കളിച്ച 105 മത്സരങ്ങളില്‍ നിന്ന് 45 ഗോളും 41 അസിസ്റ്റുകളുമാണ് വിനീഷ്യസിന്റെ സമ്പാദ്യം.

അതേസമയം, വിനീഷ്യസിനെ പ്രശംസിച്ച് സഹതാരം ഈഡന്‍ ഹസാര്‍ഡ് രംഗത്തെത്തിയിരുന്നു. ലോസ് ബ്ലോങ്കോസിലെ നിര്‍ണായക താരം ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. വിനീഷ്യസ് മികച്ച കളിക്കാരനാണെന്നും അതുകൊണ്ടാണ് കളിയില്‍ അദ്ദേഹത്തിന് കൂടുതല്‍ ഫൗളുകള്‍ വീഴുന്നതെന്നും ഹസാര്‍ഡ് പറഞ്ഞു. എതിരാളികള്‍ക്ക് വിനിയെ എങ്ങനെ തടയണമെന്ന കാര്യത്തില്‍ ആശങ്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക ഫുട്‌ബോളര്‍മാരില്‍ ഏറ്റവും മികച്ച താരമാണ് താനെന്ന് വിനീഷ്യസ് മനസിലാക്കണമെന്നും റയല്‍ മാഡ്രിഡില്‍ മാറ്റിനിര്‍ത്തപ്പെടാന്‍ സാധിക്കാത്ത കളിക്കാരനാണ് അദ്ദേഹമെന്നും ഹസാര്‍ഡ് പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഈ സീസണില്‍ ഇതുവരെ 17 ഗോളുകളാണ് വിനീഷ്യസ് അക്കൗണ്ടിലാക്കിയിരിക്കുന്നത്. ലാ ലിഗയില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ 22 ജയവും 71 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. മെയ് 21ന് വലെന്‍സിയക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.

Content Highlights: Ronald Araujo praises Vinicius Jr