ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നു. ജൂണ്‍ 29ന് നടക്കുന്ന ഫൈനലില്‍ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ നേരിടുക.
ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു.
39 പന്തില്‍ 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. നാല് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെ 36 പന്തില്‍ 47 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും നിര്‍ണായകമായി.
മത്സരശേഷം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ പ്രകടനങ്ങളെ പറ്റി രോഹിത് ശര്‍മ സംസാരിച്ചു. വിരാടിന്റെ ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നില്ലെന്നാണ് രോഹിത് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
’15 വര്‍ഷക്കാലമായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോഹ്‌ലിയുടെ ഈ ഫോം ടീമിന് ആശങ്കാജനകമല്ല. അദ്ദേഹം ഒരു ചാമ്പ്യന്‍ ക്രിക്കറ്റ് താരമാണ്. ഫൈനലില്‍ അദ്ദേഹം മികച്ച പ്രകടനങ്ങള്‍ ടീമിനായി നടത്തുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്,’ രോഹിത് ശര്‍മ പറഞ്ഞു.
ഈ ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ഏഴ് മത്സരങ്ങളില്‍ നിന്നും 75 റണ്‍സാണ് ഇതുവരെ കോഹ്‌ലി നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് നേടികൊണ്ടാണ് വിരാട് മടങ്ങിയത്. റീസ് ടോപ്ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് വിരാട് പുറത്തായത്.