Sports News
കഴിഞ്ഞ 16 ഇന്നിങ്‌സില്‍ നിന്ന് വെറും 166 റണ്‍സ്; മോശം പ്രകടനത്തില്‍ വിശദീകരണവുമായി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 07, 06:07 am
Friday, 7th February 2025, 11:37 am

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിന മത്സരരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശക്തമായി തിരിച്ചുവരുമെന്ന് കരുതിയ ആരാധകര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. സാക്കിബ് മുഹമ്മദ് അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത്തിനെ വെറും രണ്ട് റണ്‍സിന് പുറത്താക്കുകയായിരുന്നു. ഏഴ് പന്തായിരുന്നു ക്യാപ്റ്റന്‍ നേരിട്ടത്.

ഇതോടെ മോശം പ്രകടനത്തെക്കുറിച്ച് വിശദീകരണം നല്‍കുകയാണ് രോഹിത്. ഏറെ കാലത്തിന് ശേഷമാണ് താന്‍ ഫോര്‍മാറ്റിലേക്ക് മടങ്ങി വന്നതെന്നും പ്രതീക്ഷയ്ക്ക് അനുസരിച്ച് കളിക്കാന്‍ ടീമിന് സാധിച്ചെങ്കിലും വ്യക്തിപരമായി നോക്കിയാല്‍ താന്‍ മികവ് പുലര്‍ത്തിയില്ലെന്നും രോഹിത് പറഞ്ഞു.

‘ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഈ ഫോര്‍മാറ്റില്‍ കളിക്കുന്നത്. ടീം നന്നായി കളിച്ചെങ്കിലും വ്യക്തിഗത പ്രകടന പ്രകടനത്തില്‍ നിരാശയുണ്ട്. പ്രതീക്ഷയ്ക്കനുസൃതമായി ഞങ്ങള്‍ കളിച്ചുവെന്നാണ് കരുതുന്നത്. അവര്‍ നന്നായി തുടങ്ങിയെങ്കിലും ഞങ്ങള്‍ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു.

മധ്യനിരയില്‍ അവരുടെ സ്പിന്നര്‍മാരെ നേരിടണെമെന്ന് കരുതിയിരുന്നു. ഗില്ലും അക്‌സറും മധ്യനിരയില്‍ തിളങ്ങി. മൊത്തത്തില്‍ ഒരു ടീം എന്ന നിലയില്‍ കഴിയുന്നത്ര ശരിയായ കാര്യങ്ങള്‍ ചെയ്തു,’ രോഹിത് ശര്‍മ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം ടെസ്റ്റ് മുതല്‍ രോഹിത് കഷ്ടപ്പെടുകയാണ്, ഇംഗ്ലണ്ടിനെതിരെയും ഇപ്പോള്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രോഹിത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

2024 മുതല്‍ 2025 വരെയുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മത്സരത്തിലെ കഴിഞ്ഞ 16 ഇന്നിങ്സില്‍ നിന്ന് 10.37 ആവറേജില്‍ വെറും 166 റണ്‍സാണ് രോഹിത് നേടിയത്. 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10, 3, 9, 2 എന്നിങ്ങനെയാണ് രോഹിത്തിന്റെ കഴിഞ്ഞ 16 ഇന്നിങ്സിലെ പ്രകടനം.

ഏകദിന ക്രിക്കറ്റില്‍ 266 മത്സരത്തിലെ 258 ഇന്നിങ്‌സില്‍ നിന്ന് 10868 റണ്‍സാണ് താരം നേടിയത്. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഫോര്‍മാറ്റിലുണ്ട്. എന്നാല്‍ അടുത്ത കാലത്തായി രോഹിത്തിന്റെ പ്രകടനം 2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കും വെല്ലുവിളിയായേക്കാം.

Content Highlight: Rohit Sharma Talking About His Bad Performance Against England