കൂനിന്‍മേല്‍ കുരു; നാണംകെട്ട് മുംബൈ അതിലേറെ നാണംകെട്ട് ക്യാപ്റ്റന്‍; മറ്റൊരു മോശം റെക്കോഡുമായി രോഹിത്തിന്റെ മടക്കം
IPL
കൂനിന്‍മേല്‍ കുരു; നാണംകെട്ട് മുംബൈ അതിലേറെ നാണംകെട്ട് ക്യാപ്റ്റന്‍; മറ്റൊരു മോശം റെക്കോഡുമായി രോഹിത്തിന്റെ മടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd May 2022, 11:05 am

മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണായിരുന്നു ഐ.പി.എല്‍ 2022. അഞ്ച് തവണ കപ്പടിച്ചതിന്റെ മേന്മ മാത്രമായിരുന്നു മുംബൈയ്ക്ക് ഈ സീസണില്‍ പറയാനുണ്ടായിരുന്നത്.

ഒന്നിന് പിറകെ ഒന്നായി ഓരോ മത്സരവും തോറ്റായിരുന്നു മുബൈയുടെ മടക്കം, കളിച്ച പതിനാല്‍ മത്സരത്തില്‍ പത്തിലും തോറ്റാണ് മുംബൈ സീസണിനോട് വിട പറയുന്നത്.

8 പോയിന്റോടെ പത്താം സ്ഥാനക്കാരായിട്ടായിരുന്നു മുംബൈ സീസണ്‍ അവസാനിപ്പിച്ചത്.

മുംബൈയെ പോലെ തന്നെ കഷ്ടകാലമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയക്കും. ദല്‍ഹിക്കെതിരെയുള്ള ഈ സീസണിലെ അവസാന മത്സരത്തില്‍ 13 പന്ത് നേരിട്ട് 2 റണ്‍സ് നേടി പുറത്തായതോടെ മറ്റൊരു മോശം റെക്കോഡിനുടമയായിരിക്കുകയാണ് രോഹിത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ സീസണില്‍ ഒരു അര്‍ധസെഞ്ച്വറിപോലും നേടാത്ത ആദ്യ ഓപ്പണിംഗ് ബാറ്ററെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്.

14 മത്സരത്തിലും കളിച്ച താരം 19.14 ശരാശരിയില്‍ 268 റണ്ണാണ് നേടിയത്. വെറും 120 സ്ട്രൈക്ക് റേറ്റിലാണ് രോഹിത് ബാറ്റ് വീശിയത്.

സണ്‍റൈസേര്‍സ് ഹൈദരാബാദിനെതിരെ നേടിയ 48 റണ്ണാണ് താരത്തിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

രോഹിതിന്റെ ഈ ഫോമില്ലായ്മ ടീമിനെയും ഒരുപാട് ബാധിച്ചിട്ടുണ്ട്.

രോഹിതിനൊപ്പം വന്‍ തുകയ്ക്ക് ടീമിലെത്തിച്ച ഇടംകയ്യന്‍ ഓപ്പണര്‍ ഇഷന്‍ കിഷന്‍ ഫോം ഔട്ട് ആയതും മുംബൈക്ക് തിരിച്ചടിയായി. സൂപ്പര്‍ ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡും മോശം പ്രകടനമായിരുന്നു മുംബൈയ്ക്കായി കാഴ്ചവെച്ചത്.

മികച്ച രീതിയില്‍ ബാറ്റ് വീശികൊണ്ടിരുന്ന സൂര്യകുമാര്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തതോടെ മുംബൈയുടെ ശവപ്പെട്ടിയിലെ അവസാന അണിയും അടിക്കപ്പെട്ടിരുന്നു.

യുവതാരങ്ങളായ തിലക് വര്‍മയും, ബ്രെവിസും, അവസാന മത്സരങ്ങളിലിറങ്ങിയ ടിം ഡേവിഡും മാത്രമായിരുന്നു ബാറ്റിംഗില്‍ മുംബൈയുടെ ആശ്വാസം.

അടുത്ത സീസണില്‍ ടീം മികച്ച രീതിയില്‍ തിരിച്ചുവരുമെന്ന സൂചന തന്നുകൊണ്ടാണ് സീസണിലെ അവസാന മത്സരം അവര്‍ കളിച്ചത്. ദല്‍ഹിയെ തോല്‍പ്പിച്ച് അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ മുടക്കികൊണ്ടാണ് മുംബൈ അവരുടെ സീസണ്‍ അവസാനിപ്പിച്ചത്.

 

Content highlight:  Rohit Sharma registers the worst opening record in IPL history