ക്യാപ്റ്റനായി മുംബൈയിൽ തോറ്റു, ഇന്ത്യയിൽ ജയിച്ചു; ചരിത്രത്തിന്റെ ഭാഗമായി രോഹിത്
Cricket
ക്യാപ്റ്റനായി മുംബൈയിൽ തോറ്റു, ഇന്ത്യയിൽ ജയിച്ചു; ചരിത്രത്തിന്റെ ഭാഗമായി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th January 2024, 3:50 pm

ഒറ്റ മത്സരത്തില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍. ക്രിക്കറ്റ് ചരിത്രത്തില്‍ വളരെ അപൂര്‍വമായാണ് ഇത്തരം സംഭവവികാസങ്ങള്‍ മൈതാനത്ത് അരങ്ങേറുക.

കഴിഞ്ഞദിവസം നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലാണ് രണ്ട് സൂപ്പര്‍ ഓവറുകള്‍ പിറവിയെടുത്തത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 212  എന്ന പടുകൂറ്റന്‍ റണ്‍സാണ് അഫ്ഗാനുമുന്നില്‍ ഉയര്‍ത്തിയത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 69 പന്തില്‍ 121 റണ്‍സും റിങ്കു സിങ് 39 പന്തില്‍ 69 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ വമ്പന്‍ ടോട്ടല്‍ ഉയര്‍ത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 റണ്‍സ് നേടി സമനിലയില്‍ എത്തിച്ചു.. അഫ്ഗാന്‍ ബാറ്റിങ്ങില്‍ ഗുല്‍ബാദിന്‍ നായിബ് 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നിവര്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയാവുകയും രണ്ടാം സൂപ്പര്‍ ഓവറിലൂടെ വിജയിയെ തീരുമാനിക്കുകയുമായിരുന്നു.

ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇതുപോലെ ഒറ്റ മത്സരത്തില്‍ തന്നെ രണ്ടു സൂപ്പര്‍ ഓവറുകള്‍ നടക്കുന്നത്.

ഇതിന് മുമ്പ് ആദ്യമായി ഒരു മത്സരത്തില്‍ തന്നെ രണ്ടു സൂപ്പര്‍ ഓവറുകള്‍ നടന്നത് 2020 ഐ.പി.എല്ലില്‍ ആയിരുന്നു. മുംബൈയും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തില്‍ ആയിരുന്നു ഇരട്ട സൂപ്പര്‍ ഓവറുകള്‍ നടന്നത്.

ഇരു ടീമുകളും നിശ്ചിത ഓവറുകളില്‍ 178 റണ്‍സ് നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സ് ആണ് ഇരുടീമുകളും നേടിയത്. ഇതിനു പിന്നാലെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് പോവുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ 12 റണ്‍സ് വിജയലക്ഷ്യം മറികടന്നുകൊണ്ട് പഞ്ചാബ് ജയം സ്വന്തമാക്കുകയായിരുന്നു.

ഈ രണ്ടു സൂപ്പര്‍ ഓവറിന്റെയും ഭാഗമാവാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് സാധിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി രണ്ടു സൂപ്പര്‍ ഓവറുകളില്‍ രോഹിത് പരാജയപ്പെട്ടെങ്കില്‍ ഇന്ത്യന്‍ നായകനായി അഫ്ഗാനിസ്ഥാനെതിരെ രോഹിത് വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Rohit sharma part of two matches in Double Super Overs in T20 Cricket history.