ഇന്ത്യയുടെ മറ്റ് ക്യാപ്റ്റന്‍മാര്‍ ഒന്നിച്ച് നാണംകെട്ടതിനേക്കാള്‍ വലിയ നാണക്കേട്; എന്നാലും രോഹിത്തേ...
Sports News
ഇന്ത്യയുടെ മറ്റ് ക്യാപ്റ്റന്‍മാര്‍ ഒന്നിച്ച് നാണംകെട്ടതിനേക്കാള്‍ വലിയ നാണക്കേട്; എന്നാലും രോഹിത്തേ...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th January 2024, 10:28 pm

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരിക്കുകയാണ്. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സിന്റെ ലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ വിജയിച്ചെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് ആരാധകരെ നിരാശരാക്കുകയാണ്. പൂജ്യത്തിനാണ് രോഹിത് ശര്‍മ പുറത്തായത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ സഹ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലുമായി ഉണ്ടായ മിസ് കമ്മ്യൂണിക്കേഷനാണ് ഇന്ത്യന്‍ നായകന്റെ പുറത്താകലിന് വഴിവെച്ചത്.

സില്‍വര്‍ ഡക്കായി റണ്‍ ഔട്ടായി മടങ്ങിയതോടെ രണ്ട് മോശം റെക്കോഡുകളാണ് രോഹിത് ശര്‍മയെ തേടിയെത്തിയത്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരം എന്ന മോശം റെക്കോഡാണ് ഇതില്‍ ആദ്യത്തേത്.

ഇത് 11ാം തവണയാണ് രോഹിത് ഡക്കായി മടങ്ങുന്നത്. രണ്ടാം സ്ഥാനത്തുള്ള കെ.എല്‍. രാഹുല്‍ അഞ്ച് തവണയാണ് സ്‌കോര്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കാതെ കടന്നുപോയത്.

ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ – 11 തവണ

കെ.എല്‍. രാഹുല്‍ – 5

വിരാട് കോഹ്‌ലി – 4

ശ്രേയസ് അയ്യര്‍ – 4

വാഷിങ്ടണ്‍ സുന്ദര്‍ – 4

ഇതിന് പുറമെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ നായകന്‍ എന്ന നേട്ടവും രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് രോഹിത് ക്യാപ്റ്റന്റെ റോളിലിരിക്കെ പൂജ്യത്തിന് പുറത്താകുന്നത്.

കളിച്ച 52 ഇന്നിങ്‌സില്‍ അഞ്ച് തവണയും രോഹിത് പൂജ്യത്തിനാണ് പുറത്തായത്. എന്നാല്‍ ഇന്ത്യയുടെ മറ്റ് നായകന്‍മാരെല്ലാം ചേര്‍ന്ന് 147 ഇന്നിങ്‌സില്‍ വെറും നാല് തവണ മാത്രമാണ് പുറത്തായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ മുഹമ്മദ് നബിയുടെ മികച്ച ഇന്നിങ്‌സിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ അടിച്ചുനിരത്തിയതോടെ മൊഹാലി ഇന്ത്യക്കൊപ്പം നിന്നു.

40 പന്തില്‍ നിന്നും പുറത്താകാതെ 60 റണ്‍സാണ് ദുബെ നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇതിന് പുറമെ ജിതേഷ് ശര്‍മ (20 പന്തില്‍ 31) തിലക് വര്‍മ (22 പന്തില്‍ 26) ശുഭ്മന്‍ ഗില്‍ (12 പന്തില്‍ 23) റിങ്കു സിങ് (ഒമ്പത് പന്തില്‍ പുറത്താകാതെ 16) എന്നിവരാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

ഒടുവില്‍ 15 പന്തും ആറ് വിക്കറ്റും കയ്യിലിരിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന്റെ ലീഡ് സ്വന്തമാക്കാനും ഇന്ത്യക്കായി.

ജനുവരി 13നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: Rohit Sharma holds the record of being the captain with the most number of wickets in T20Is