ഐ.സി.സി ടി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് പുറത്താവുകയായിരുന്നു.
ജൂണ്‍ 29ന് നടക്കുന്ന ഫൈനലില്‍ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ നേരിടുക. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എ യില്‍ പാകിസ്ഥാന്‍, യു.എസ്.എ, അയര്‍ലാന്‍ഡ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയപ്പോള്‍ കാനഡയ്ക്കെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളെയും തകര്‍ത്താണ് രോഹിത് ശര്‍മയും സംഘവും സെമിയിലെത്തിയത്.
𝙄𝙣𝙩𝙤 𝙏𝙝𝙚 𝙁𝙞𝙣𝙖𝙡𝙨! 🙌 🙌#TeamIndia absolutely dominant in the Semi-Final to beat England! 👏 👏
ഇംഗ്ലണ്ടിനെതിരെയുള്ള ഈ വിജയത്തിന് പിന്നാലെ ഫൈനലിലേക്ക് മാത്രമല്ല ഒരു ചരിത്രനേട്ടത്തിലേക്ക് കൂടിയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നടന്നുകയറിയത്. ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 61 മത്സരങ്ങള്‍ ഇന്ത്യയെ ടി-20യില്‍ നയിച്ച രോഹിത് 49 വിജയങ്ങളാണ് സ്വന്തമാക്കിയത്. ഇതോടെ 85 മത്സരങ്ങളില്‍ നിന്നും 48 വിജയങ്ങള്‍ സ്വന്തമാക്കിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ മറികടന്നുകൊണ്ട് മുന്നേറാനും രോഹിത്തിന് സാധിച്ചു.
39 പന്തില്‍ 57 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് രോഹിത് നടത്തിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. നാല് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെ 36 പന്തില്‍ 47 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും നിര്‍ണായകമായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.