ഞെട്ടി ബാറ്റര്‍; വണ്ടര്‍ ക്യാച്ചെന്ന് വിളിച്ചാലും കുറഞ്ഞ് പോകും; ക്രിക്കറ്റ് ലോകം ഒന്നടങ്കം കയ്യടിച്ച ക്യാച്ച്
Sports News
ഞെട്ടി ബാറ്റര്‍; വണ്ടര്‍ ക്യാച്ചെന്ന് വിളിച്ചാലും കുറഞ്ഞ് പോകും; ക്രിക്കറ്റ് ലോകം ഒന്നടങ്കം കയ്യടിച്ച ക്യാച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th August 2023, 1:56 pm

ദി ഹണ്‍ഡ്രഡില്‍ സൂപ്പര്‍ താരം വാന്‍ ഡെര്‍ മെര്‍വ് കൈപ്പിടിയിലൊതുക്കിയ ക്യാച്ച് കണ്ടാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം അമ്പരന്ന് നിന്നത്. കഴിഞ്ഞ ദിവസം നടന്ന ബെര്‍മിങ്ഹാം ഫീനിക്‌സ് – വെല്‍ഷ് ഫയര്‍ മത്സരത്തിലാണ് ഫയര്‍ താരം മെര്‍വ് ഈ വണ്ടര്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.

ബെര്‍മിങ്ഹാം ക്യാപ്റ്റന്‍ മോയിന്‍ അലിയെ പുറത്താക്കാന്‍ വേണ്ടിയാണ് മെര്‍വ് ആ ക്യാച്ചെടുത്തത്. ഡേവിഡ് പെയ്‌നെറിഞ്ഞ പന്തില്‍ ഉയര്‍ത്തിയടിച്ച മോയിന്‍ അലിക്ക് പിഴച്ചു.

ഉയര്‍ന്നുപൊങ്ങിയ പന്തിന് പിന്നാലെ ഓടിയടുത്ത മെര്‍വിന് ആദ്യ ശ്രമത്തില്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. രണ്ടാം ശ്രമത്തിലും കൈവിട്ട പന്ത് മൂന്നാം ശ്രമത്തിലാണ് താരം കൈപ്പിടിയിലൊതുക്കിയത്. ഈ ജഗ്ലിങ് ക്യാച്ചിന്റെ വീഡിയോ വൈറലാവുകയാണ്.

 

അതേസമയം, മത്സരത്തില്‍ വെല്‍ഷ് ഫയര്‍ വിജയിച്ചിരുന്നു. 15 പന്തും ആറ് വിക്കറ്റും കയ്യിലിരിക്കവെയാണ് വെല്‍ഷ് വിജയം പിടിച്ചടക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ബെര്‍മിങ്ഹാം ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. 20 പന്തില്‍ 28 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണിന്റെയും 20 പന്തില്‍ 25 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിന്റെയും ഇന്നിങ്‌സില്‍ നിശ്ചിത പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് നേടി. 13 പന്തില്‍ 17 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മോയിന്‍ അലിയാണ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്ത മറ്റൊരു താരം.

വെല്‍ഷ് ഫയറിനായി ഡേവിഡ് പെയ്‌നും ഹാരിസ് റൗഫും വാന്‍ ഡെര്‍ മെര്‍വും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രിദി ഒരു വിക്കറ്റും സ്വന്തമാക്കി.

100 പന്തില്‍ 113 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെല്‍ഷ് ഫയര്‍ ഓപ്പണര്‍ സ്റ്റീഫന്‍ എസ്‌കിനാന്‍സിയുടെ വെടിക്കെട്ടില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. 18 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും രണ്ട് സിക്‌സറുമായി എസ്‌കിനാന്‍സി തിളങ്ങിയപ്പോള്‍ 18 പന്തില്‍ 23 റണ്‍സുമായി ക്യാപ്റ്റന്‍ ടോം ഏബലും മികച്ച പിന്തുണ നല്‍കി.

ഒടുവില്‍ 85ാം പന്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വെല്‍ഷ് വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും വെല്‍ഷിനായി. നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി അഞ്ച് പോയിന്റാണ് വെല്‍ഷിനുള്ളത്.

ഓഗസ്റ്റ് 12നാണ് വെല്‍ഷ് ഫയറിന്റെ അടുത്ത മത്സരം. സതേണ്‍ ബ്രേവാണ് എതിരാളികള്‍.

 

Content highlight:  Roelof Van der Merwe’s brilliant catch in The Hundred