റയലില്‍ കളിച്ചിട്ടില്ല, പക്ഷെ റൊണാള്‍ഡോക്കൊപ്പം സ്പെയിനില്‍ പരിശീലനം നടത്തി; സ്പാനിഷ് താരത്തിന്റെ വെളിപ്പെടുത്തലുകള്‍
Football
റയലില്‍ കളിച്ചിട്ടില്ല, പക്ഷെ റൊണാള്‍ഡോക്കൊപ്പം സ്പെയിനില്‍ പരിശീലനം നടത്തി; സ്പാനിഷ് താരത്തിന്റെ വെളിപ്പെടുത്തലുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th January 2024, 4:41 pm

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമുള്ള പരിശീലന സമയങ്ങളിലെ അനുഭവം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ സ്പാനിഷ് താരം റോഡ്രിഗോ മൊറേനോ.

‘ഞാന്‍ റൊണാള്‍ഡോക്കൊപ്പം പരിശീലനം നടത്തിയിരുന്നു. ആ സമയങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ മികച്ച ഒരു സൗഹൃദം ഉണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിച്ചത് വലിയ ഒരു കാര്യമാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ അവന്‍ ഫുട്‌ബോളിലെ എല്ലാ നേട്ടങ്ങള്‍ക്കും അര്‍ഹനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ റോഡ്രീഗോ ദി നസര്‍ സോണിലൂടെ പറഞ്ഞു.

2009-2010 വര്‍ഷങ്ങള്‍ക്കിടയില്‍ സ്പെയ്‌നില്‍ റോഡ്രിഗോ മൊറേനോ ഉണ്ടായിരുന്നു. ആ കാലങ്ങളില്‍ റൊണാള്‍ഡോക്കൊപ്പം പരിശീലനം നടത്താന്‍ മൊറേനോക്ക് അവസരം ലഭിച്ചിരുന്നു.

അതേസമയം റൊണാള്‍ഡോ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു അവിസ്മരണീയമായ കരിയര്‍ ആണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. ലോസ് ബ്ലാങ്കോസിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം നേടിയത്.

റയല്‍ മാഡ്രിനൊപ്പമുഉള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ച് 2018 ലാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലെത്തുന്നത്. അവിടെനിന്നും 2021ല്‍ ഓള്‍ഡ് ട്രാഫോഡിലേക്ക് ചേക്കേറുകയും ഒടുവില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് ചേക്കേറുകയുമായിരുന്നു.

അല്‍ നസറിനായി പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ സൗദി വമ്പന്മാര്‍ക്കായി 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഈ 38കാരന്‍ സ്വന്തമാക്കിയത്.

2023 മറ്റൊരു റെക്കോഡ് നേട്ടവും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചിരുന്നു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തമാക്കിയത്. ക്ലബ്ബ് തലത്തിലും ദേശീയ ടീമിന് വേണ്ടിയും 54 ഗോളുകളാണ് പോര്‍ച്ചുഗീസ് ഇതിഹാസം അടിച്ചുകൂട്ടിയത്.

Content Highlight: Rodrigo talks about Cristaino Ronaldo.