ഒരിക്കല്‍ നേടിയ കിരീടം ഒരിക്കല്‍ക്കൂടി പാകിസ്ഥാന്റെ മണ്ണിലെത്തിക്കാനുറച്ചാണ് ബാബര്‍ അസവും സംഘവും ലോകകപ്പിനിറങ്ങുന്നത്. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം ഇത്തവണ എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന ഏക ലക്ഷ്യമാണ് ടീമിനുള്ളത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതൊട്ടും എളുപ്പമല്ല. സ്റ്റേബിളല്ലാത്ത ടീമും താരങ്ങളുടെ മോശം ഫോമും പാകിസ്ഥാന് തിരിച്ചടിയാണ്. ലോകകപ്പിന് മുമ്പ് തന്നെ ഇംഗ്ലണ്ടിനോട് ടി-20 പരമ്പര ഏകപക്ഷീയമായി പരാജപ്പെട്ടാണ് മുന്‍ ചാമ്പ്യന്‍മാര്‍ തലകുനിച്ചുനില്‍ക്കുന്നത്.
ഈ ലോകകപ്പില്‍ അയര്‍ലന്‍ഡിന് പാകിസ്ഥാനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ. തന്റെ യൂട്യൂബ് ചാനലില്‍ ‘ടി-20 വേള്‍ഡ് കപ്പ് കര്‍ട്ടണ്‍ റെയ്‌സര്‍: അസോസിയേറ്റ് പ്ലെയേഴ്‌സ് വാച്ച്’ എന്ന പരിപാടിയില്‍ അശ്വിനൊപ്പം സംസാരിക്കവെയാണ് ഉത്തപ്പ ഇക്കാര്യം പറഞ്ഞത്.
ഏത് വമ്പന്‍മാരെയും അട്ടിമറിക്കാനുള്ള കഴിവ് അയര്‍ലന്‍ഡിനുണ്ട് എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ അവര്‍ അട്ടിമറിക്കാന്‍ പോകുന്ന ടീം പാകിസ്ഥാന്‍ തന്നെയായിരിക്കുമെന്നാണ് ഉത്തപ്പ പറഞ്ഞത്.
‘അയര്‍ലന്‍ഡിന് ഒരു അട്ടിമറി സൃഷ്ടിക്കാന്‍ സാധിക്കും. ഇന്ത്യ, പാകിസ്ഥാന്‍, കാനഡ, യു.എസ്.എ എന്നിവര്‍ക്കൊപ്പം ഒരു ഗ്രൂപ്പിലാണ് അവര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. അപ്പോള്‍ ആരെയായിരിക്കും അവര്‍ അട്ടിമറിക്കുക?’ അശ്വിന്‍ ചോദിച്ചു.
‘പാകിസ്ഥാന്‍’ വളരെ പെട്ടെന്ന് തന്നെ ഉത്തപ്പ ഉത്തരം നല്‍കുകയായിരുന്നു. ‘നീ ഈ ചോദ്യം ചോദിക്കുമ്പോള്‍ തന്നെ മറുപടി നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍,’ താരം പറഞ്ഞു.
ലോകകപ്പിന് മുമ്പ് പാകിസ്ഥാന്‍ അയര്‍ലന്‍ഡിലെത്തി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കളിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ സീരീസിലെ ആദ്യ മത്സരത്തില്‍ പാക് പടയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് അയര്‍ലന്‍ഡ് ഞെട്ടിച്ചത്.
പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ പാകിസ്ഥാന്‍ വിജയിച്ചെങ്കിലും ആദ്യ മത്സരത്തിലെ തോല്‍വിയാണ് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായത്. ഈ വിജയം ലോകകപ്പിലും സ്റ്റെര്‍ലിങ്ങിനും സംഘത്തിനും ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.