നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോന്‍. റോഷന്‍ മാത്യു, ശോഭിത ധുലിപാല, സഞ്ജന ദിപു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തിയത്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.
മൂത്തോനെ കുറിച്ച് സംസാരിക്കുകയാണ് നടി ശോഭിത ധുലിപാല. മൂത്തോന്റെ തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ താനാണ് സംവിധായിക ഗീതു മോഹന്‍ദാസിനെ സമീപിച്ചതെന്ന് ശോഭിത ധുലിപാല പറയുന്നു. ഒരു അഭിനേതാവിന് പലപ്പോഴും ജനങ്ങളുടെ പ്രീതി നേടിയെടുക്കാന്‍ ആഗ്രഹമുണ്ടായേക്കാം എന്നും തനിക്കും അതുണ്ടെന്നും എന്നാല്‍ പല രൂപത്തിലുള്ള കഥകളുടെ ഭാഗമാവാന്‍ തന്റെയുള്ളിലെ മറ്റൊരു ഭാഗം നിരന്തരം പ്രേരിപ്പിക്കുണ്ടെന്നും ശോഭിത പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം മൂത്തോന്‍ അതുല്യമായൊരു സിനിമയായിരുന്നു എന്നും മൂത്തോനിലെ റോസി, കുറുപ്പിലെ ശാരദയില്‍ നിന്ന് തികച്ചും വ്യത്യസ്തയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു ശോഭിത ധുലിപാല.
‘ഹിന്ദി-മലയാളം പശ്ചാത്തലമുള്ള സിനിമയായിരുന്നു മൂത്തോന്‍. തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ഗീതുവിനെ സമീപിച്ചു. സിനിമയിലെ ഭാഷ ശരിക്കും മലയാളമായിരുന്നില്ല, ജെസരിയായിരുന്നു.
ഒരു അഭിനേതാവിന് പലപ്പോഴും ജനങ്ങളുടെ പ്രീതി നേടിയെടുക്കാനും അവരാല്‍ തിരിച്ചറിയപ്പെടാനും ആഗ്രഹമുണ്ടായേക്കാം. ഞാനും ഇതെല്ലാം ആഗ്രഹിക്കുന്നു.
എങ്കിലും എന്റെയുള്ളിലെ മറ്റൊരു ഭാഗത്തെയും എനിക്ക് തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അടിയുറച്ചതും ആധികാരികവുമായ മനുഷ്യ മനസാക്ഷിയുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന, പല രൂപത്തിലുമുള്ള കഥകളുടെ ഭാഗമാവാന്‍ അതെന്നെ നിരന്തരം പ്രേരിപ്പിക്കുന്നുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം മൂത്തോന്‍ അതുല്യമായൊരു സിനിമയായിരുന്നു.
മൂത്തോനിലെ റോസി, കുറുപ്പിലെ ശാരദയില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ്. ഒരു ജീവിതത്തില്‍ പല ജീവിതങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുക എന്നത് വളരെ വിശേഷപ്പെട്ട കാര്യമല്ലേ. മുത്തോന്‍ എന്ന സിനിമയുടെ സര്‍ഗാത്മകതയെ ഞാനേറെ ഇഷ്ടപ്പെടുന്നു. അത്തരത്തിലുള്ള സിനിമ ആഗ്രഹിക്കുന്നവരിലേക്ക് അത് എത്തി. ഗീതു മോഹന്‍ദാസും രാജീവ് രവിയും വളരെ മികച്ച സംവിധായകരാണ്. ആ ചിത്രത്തില്‍ അത് പ്രതിഫലിച്ചിട്ടുമുണ്ട്,’ ശോഭിത ധുലിപാല പറയുന്നു.
Content Highlight: Sobhita Dhulipala talks about Moothon movie