Sports News
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞാന്‍ അത്ഭുതപ്പെട്ടു: വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 20, 04:32 pm
Monday, 20th January 2025, 10:02 pm

2024 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തങ്ങളുടെ മൂന്നാമത്തെ ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ 2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച മെഗാ താരലേലത്തില്‍ കൊല്‍ക്കത്ത മാനേജ്മന്റ് ക്യാപ്റ്റന്‍ ശ്രേയസിനെ നിലനിര്‍ത്തിയിരുന്നില്ല.

ഫ്രാഞ്ചൈസിയുടെ അപ്രതീക്ഷിതമായ തീരുമാനത്തില്‍ അയ്യര്‍ ഏറെ വിഷമിച്ചിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലും ഈ കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ തന്നെ കൊല്‍ക്കത്ത നിലനിര്‍ത്താത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

Shreyas Iyer

2024 തനിക്ക് മികച്ച വര്‍ഷമായിരുന്നെന്നും എന്നാല്‍ 2025 ഐ.പി.എല്ലിന് മുന്നോടിയായി തന്നെ കൊല്‍ക്കത്ത നിലനിര്‍ത്താത്തതില്‍ അത്ഭുതപ്പെട്ടെന്നും താരം പറഞ്ഞു. ഫ്രാഞ്ചൈസി തന്നോട് ആശയവിനിമയം നടത്തുന്നതില്‍ പോരായ്മ ഉണ്ടായിരുന്നെന്നും താരം പറഞ്ഞു.

‘ഐ.പി.എല്‍ 2024 തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഐ.പി.എല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞു. കൊല്‍ക്കത്തയുടെ ആരാധക പിന്തുണയും വലുതാണ്. കൊല്‍ക്കത്തയിലെ ഒരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നു. ഐ.പി.എല്‍ 2024ന് ശേഷം ടീം മാനേജ്‌മെന്റ് തന്നോട് സംസാരിച്ചിരുന്നു.

എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം തന്നെ നിലനിര്‍ത്തുന്നതില്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ അത്ഭുതപ്പെട്ടു. ആശയവിനിമയത്തിലെ പോരായ്മകളെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിടാന്‍ തീരുമാനിക്കുകയായിരുന്നു ഞാന്‍,’ ശ്രേയസ് അയ്യര്‍ പറഞ്ഞു.

Content Highlight: Shreyas Iyer Talking About KKR