റയല്‍ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച ഡിഫന്‍ഡറായിരുന്ന മാഴ്‌സെലൊ കഴിഞ്ഞ ദിവസമായിരുന്നു തന്റെ പ്രിയ ക്ലബ്ബിനോട് വിടപറഞ്ഞത്. 15 കൊല്ലത്തെ റയലിലെ കരിയറിനാണ് മാഴ്‌സെലൊ വിടചൊല്ലിയത്.
റയല്‍ തങ്ങളുടെ 14ാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ താരം ഇത് തന്റെ ടീമുമായുള്ള അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം താരത്തിന് ലോസ് ബ്ലാന്‍കോസില്‍ വെച്ച് ഔദ്യോഗികമായ യാത്ര അയപ്പ് നടത്തിയിരുന്നു. പല പ്രമുഖ താരങ്ങളും യാത്ര അയപ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയില്‍ എത്താന്‍ സാധിക്കാത്തതില്‍ ക്ഷാപണം നടത്തിയിരിക്കുകയാണ് മുന്‍ റയല്‍ ലെജന്ററി ഡിഫന്‍ഡര്‍ റൊബെര്‍ട്ടൊ കാര്‍ലോസ്.
മാഴ്‌സെലൊക്ക് മുന്നെ റയലിന്റെ ലെഫ്റ്റ് ബാക്കായിരുന്ന താരമായിരുന്നു കാര്‍ലോസ്. കാര്‍ലോസും മാഴ്‌സെലോയും ബ്രസീല്‍ താരങ്ങള്‍ കൂടെയായിരുന്നു. മാഴ്‌സെലൊയുടെ ഫെയര്‍വെല്ലിന് അദ്ദേഹമായിരിക്കണം സെന്റര്‍ ഓഫ് അറ്റന്‍ഷന്‍ എന്നാണ് കാര്‍ലോസ് പറഞ്ഞത്.
‘മാര്‍സെലോയുടെ വിടവാങ്ങല്‍ കാരണം ഇത് അല്‍പ്പം വിചിത്രമായ ദിവസമാണ്. അവന്‍ വളര്‍ന്നു വരുന്നത് പ്രായോഗികമായി കണ്ടതാണ് ഞാന്‍. ക്ഷമിക്കണം. അവന്റെ സമയമായതിനാല്‍ ഞാന്‍ അവിടെ പോയിട്ടില്ല. ഞാന്‍ എപ്പോഴും അദ്ദേഹത്തിന് ബെസ്റ്റ് വിഷസ് ആശംസിക്കുന്നു,’ കാര്‍ലോസ് പറഞ്ഞു.
റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമാണ് മാഴ്സെലൊ. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതോടെ റയലിനോടൊപ്പം 25 കിരീട നേട്ടങ്ങളിലാണ് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് ഭാഗമായത്.
ഏഴ് ലാ-ലീഗ കിരീട നേട്ടത്തിലും അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും ഭാഗമായ മാഴ്സെലൊ രണ്ട് സ്പാനിഷ് കപ്പ്, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, നാല് ക്ലബ് ലോക കപ്പ് എന്നീ നേട്ടങ്ങളിലും പങ്കാളിയായി.