സൗദി ലീഗില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിന് ബാലണ്‍ ഡി ഓര്‍ കിട്ടില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുന്‍ താരം
Football
സൗദി ലീഗില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിന് ബാലണ്‍ ഡി ഓര്‍ കിട്ടില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th September 2023, 3:53 pm

ഈ സീസണിലെ ബാലണ്‍ ഡി ഓറിനുള്ള നോമിനികളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് ഉള്‍പ്പെടുത്താതിരുന്നതിന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഫ്രാന്‍സ് ഫുട്‌ബോളും ഫ്രഞ്ച് മാഗസിനും സംയുക്തമായി നല്‍കുന്ന ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡിന് ക്രിസ്റ്റ്യാനോയെ പോലൊരു താരത്തെ നോമിനേറ്റ് ചെയ്യാത്തത് അദ്ദേഹത്തിനോടുള്ള അനാദരവാണെന്നായിരുന്നു ആരാധകരുടെ വാദം.

കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി, കരിം ബെന്‍സിമ, എര്‍ലിങ് ഹാലണ്ട്, കിലിയന്‍ എംബാപ്പെ എന്നിവരടങ്ങിയ ബാലണ്‍ ഡി ഓറിന് അര്‍ഹരായ 30 താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തുവിട്ടത്. 2003ന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന്റെ നോമിനേഷന്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഫുട്‌ബോള്‍ താരം റോബേര്‍ട്ട് വില്യം സേവേജ്.

ക്രിസ്റ്റ്യാനോയെ നോമിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് ശരിയായ തീരുമാനമാണെന്നും അദ്ദേഹം ബാലണ്‍ ഡി ഓറിന് അര്‍ഹനല്ലെന്നും സേവേജ് പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ പ്ലാനെറ്റ് സ്‌പോര്‍ട്‌സിനോടാണ് സേവേജ് ഇക്കാര്യം പങ്കുവെച്ചത്.

’20 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നോമിനേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് ശരിയായ തീരുമാനമാണ്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നപ്പോള്‍ നമ്മള്‍ മുമ്പ് കണ്ടിട്ടുള്ള പ്രകടനമായിരുന്നില്ല അദ്ദേഹം കാഴ്ചവെച്ചിരുന്നത്.

തുടര്‍ന്ന് അദ്ദേഹം സൗദിയിലേക്ക് പോയി. അവിടെ ഗോള്‍ സ്‌കോര്‍ ചെയ്ത് കൊണ്ടേയിരുന്നു. എന്നാല്‍ സൗദി ലീഗില്‍ പോയി സീസണിന്റ പകുതി സമയം സ്‌കോര്‍ ചെയ്തതുകൊണ്ട് അദ്ദേഹം ബാലണ്‍ ഡി ഓറിന് അര്‍ഹനാകണമെന്നില്ല. എനിക്ക് തോന്നുന്നത് ബാലണ്‍ ഡി ഓറിന് റൊണാള്‍ഡോയെ നോമിനേറ്റ് ചെയ്യാതിരുന്നത് ശരിയായ തീരുമാനമാണെന്നാണ്,’ സേവേജ് പറഞ്ഞു.

അതേസമയം, ലയണല്‍ മെസി ബാലണ്‍ ഡി ഓര്‍ നേടുന്നതിനുള്ള സാധ്യതകളെക്കുറിച്ചും സേവേജ് സംസാരിച്ചു. ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ ഉണ്ടായിരുന്നപ്പോള്‍ മികച്ച ഫോം പുറത്തെടുത്തില്ലെങ്കില്‍ കൂടി ഖത്തര്‍ ലോകകപ്പിലെ മെസിയുടെ പ്രകടനം അസാധ്യമായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ മെസി പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നും സേവേജ് പറഞ്ഞു.

Content Highlights: Robert William Savage explains it was the right decision to omit Cristiano’s name from the list for Ballon d’Or