ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ-പോളണ്ട് മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അറ്റാക്കിങ്ങും ഡിഫന്‍ഡിങ്ങും മികവ് കാട്ടിയ മത്സരത്തില്‍ 90 മിനിട്ടിലും ഏഴ് മിനിട്ട് അധികസമയത്തും ഇരു ടീമിനും ലക്ഷ്യം കാണാനായില്ല.
ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേടാനുള്ള ലക്ഷ്യവുമായാണ് പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കളത്തിലിറങ്ങിയത്.
എന്നാല്‍ പെനാല്‍ട്ടി പോലും നഷ്ടപ്പെടുത്തേണ്ടി വന്ന സാഹചര്യമാണ് താരത്തിനുണ്ടായത്. കളിയുടെ 56ാം മിനിട്ടില്‍ ഹെക്ടര്‍ മൊറേനോ ലെവന്‍ഡോസ്‌കിയെ വീഴ്ത്തിയപ്പോളാണ് പോളണ്ട് പെനാല്‍ട്ടി നേടിയത്.
എന്നാല്‍ ലെവയുടെ കിക്ക് മെക്‌സിക്കോയുടെ സൂപ്പര്‍ ഗോളി ഒച്ചാവോ സാഹസികമായി തടുത്തിടുകയായിരുന്നു. അന്താരാഷ്ട്ര വേദിയില്‍ മെക്‌സിക്കോക്ക് വേണ്ടി അതിശയകരമായ നിമിഷങ്ങള്‍ കാഴ്ചവെക്കാറുള്ള ഗോള്‍ കീപ്പറാണ് ഒച്ചാവോ. ഇവിടെയും താരത്തിന്റെ മികച്ച പ്രകടനമാണ് ലോകകപ്പ് ഗോള്‍ നേടുകയെന്ന ലെവന്‍ഡോസ്‌കിയുടെ ദീര്‍ഘ കാലത്തെ സ്വപ്‌നം തല്ലിത്തകര്‍ത്തത്.
ഗോളടിയന്ത്രമെന്ന വാഴ്ത്തുപാട്ടുള്ള ബാഴ്‌സലോണ സ്‌ട്രൈക്കര്‍ക്ക് താന്‍ ബൂട്ടണിയുന്ന ക്ലബ്ബുകള്‍ക്കായി അനായാസം സ്‌കോര്‍ ചെയ്യാനാകുമെങ്കിലും ഫിഫ ലോകകപ്പില്‍ പോളണ്ടിനായി ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചിട്ടില്ല. ഖത്തറില്‍ നടന്ന ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ ഒച്ചാവോക്ക് മുന്നില്‍ താരത്തിന്റെ കാലിടറി പോകുന്ന രംഗത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് ഗ്രൗണ്ടില്‍ അഴിച്ചുവിട്ടത്. ഡിഫന്‍ഡിങ്ങും ആക്രമണവും ഒന്നിനൊന്ന് മെച്ചം. അവസാനമനുവദിച്ച ഏഴ് മിനിട്ട് അധികസമയത്ത് പോളിഷ് താരങ്ങള്‍ കുതിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മത്സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.
മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ ഒച്ചാവോയുടെ പ്രകടനമാണ് മത്സരത്തില്‍ ശ്രദ്ധേയമായത്. ലോകകപ്പ് വേദികളില്‍ തിളങ്ങാറുള്ള പതിവ് താരം ഇവിടെയും തെറ്റിച്ചില്ല. 2014 ഫിഫ ലോകകപ്പില്‍ ബ്രസീലുമായുള്ള സ്‌കോര്‍ രഹിത സമനിലയില്‍ ഒച്ചോവ ആറ് സേവുകള്‍ നടത്തിയിരുന്നു.