Film News
ആദ്യ അവഞ്ചേഴ്‌സിലെ വില്ലന്‍ അഞ്ചാമത്തെ സിനിമയില്‍ നായകന്‍ ? ആദ്യത്തെ നായകന്‍ ഇപ്പോള്‍ വില്ലനും... മാര്‍വലിന് ഇതെന്ത് പറ്റി?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 28, 11:27 am
Sunday, 28th July 2024, 4:57 pm

സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച അനൗണ്‍സ്‌മെന്റാണ് സാന്‍ ഡിയാഗോ കോമിക് കോണില്‍ മാര്‍വല്‍ നടത്തിയത്. ഫേസ് സിക്‌സിലെ അവഞ്ചേഴ്‌സ് സിനിമയായ ഡൂംസ് ഡേയില്‍ ഡോക്ടര്‍ ഡൂമായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ എത്തുന്നു എന്ന വാര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മാര്‍വലിന്റെ ഉയര്‍ത്തെഴുന്നേല്പിന് കാരണമായ അയണ്‍ മാനായി 10 വര്‍ഷത്തോളം തിളങ്ങിയ നടനാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍.

എന്‍ഡ് ഗെയിമിന് ശേഷം മള്‍ട്ടിവേഴ്‌സ് സാഗ തുടങ്ങിയ മാര്‍വലിന് തുടക്കത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നു. ഇറ്റേണല്‍സ്, ഡോക്ടര്‍ സ്‌ട്രെയിഞ്ച്, മാര്‍വല്‍സ്, തോര്‍ ലവ് ആന്‍ഡ് തണ്ടര്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. നൊസ്റ്റാള്‍ജിക് ഫാക്ടറുകള്‍ കൊണ്ട് സ്‌പൈഡര്‍മാന്‍ നോ വേ ഹോമും ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സിയും വിജയിച്ചു.

സീരീസുകളുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. വാന്‍ഡാ വിഷന്‍, ഹോക്ക് ഐ എന്നിവക്ക് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതെ വന്നപ്പോള്‍ ഷീ ഹള്‍ക്ക് ഏറ്റവും മോശം റേറ്റിങ് നേടിയ സീരീസായി മാറി. ലോക്കി, മൂണ്‍നൈറ്റ് എന്നീ സീരീസുകള്‍ അപ്രതീക്ഷിതമായി വന്ന് ഞെട്ടിച്ചു. ഏറ്റവുമൊടുവില്‍ റിലീസായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനിലൂടെ നഷ്ടപ്പെട്ട പ്രതാപം മാര്‍വല്‍ തിരികെ നേടുകയാണ്.

അവഞ്ചേഴ്‌സ് ഡൂംസ് ഡേയില്‍ എത്തുമ്പോള്‍ മാര്‍വല്‍ അടിമുടി മാറിയിരിക്കുകയാണ്. അവഞ്ചേഴ്‌സ് സീരീസിലെ ആദ്യ സിനിമയില്‍ വില്ലനായിരുന്നു ടോം ഹിഡില്‍സ്റ്റണ്‍ അവതരിപ്പിച്ച ലോക്കി. അയണ്‍മാന്‍ അടക്കമുള്ള സൂപ്പര്‍ഹീറോകള്‍ക്ക് ഒത്ത വില്ലനായി ലോക്കി മാറി. എന്നാല്‍ അഞ്ചാമത്തെ അവഞ്ചേഴ്‌സ് ചിത്രത്തിലെത്തിയപ്പോള്‍ കഥ മാറി.

വില്ലനെന്ന് മുദ്രകുത്തപ്പെട്ട ലോക്കി മള്‍ട്ടിവേഴ്‌സിന്റെ രക്ഷകനായി മാറി. അയണ്‍മാനെ അവതരിപ്പിച്ച റോബര്‍ട്ട് ഡൗണി ഡോക്ടര്‍ ഡൂമെന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും തമ്മില്‍ ഫേസ് ഓഫ് സീന്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മള്‍ട്ടിവേഴ്‌സിന്റെ വരവോടെ പഴയ താരങ്ങളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാമെന്ന് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ കാണിച്ചുതന്നു. അപ്രതീക്ഷിതമായി വന്ന കാമിയോ തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റി. ഇനിയും മാര്‍വലില്‍ നിന്ന് ഒരുപാട് സര്‍പ്രൈസുകള്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Robert Downey Jr became antagonist in Avengers 5