Advertisement
D' Election 2019
ജെഹാനാബാദിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി ആര്‍.എസ്.എസ് ഏജന്റ്; ആരോപണവുമായി തേജ്പ്രതാപ് യാദവ്; ആര്‍.ജെ.ഡിക്കുള്ളില്‍ കടുത്ത ഭിന്നത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 29, 02:37 am
Monday, 29th April 2019, 8:07 am

കാകോ (ബിഹാര്‍): ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കവേ ആര്‍.ജെ.ഡിക്കുള്ളില്‍ സഹോദരന്മാരായ തേജസ്വി യാദവും തേജ്പ്രതാപ് യാദവും തമ്മില്‍ അധികാരത്തര്‍ക്കം. ജെഹാനാബാദിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയെ ആര്‍.എസ്.എസ് ഏജന്റ് എന്നു വിശേഷിപ്പിച്ചുകൊണ്ട് തേജ്പ്രതാപാണ് ഈ അസ്വാരസ്യം പരസ്യമായി പ്രകടിപ്പിച്ചത്.

ജെഹാനാബാദില്‍ നിന്നു തന്റെ വിശ്വസ്തനായ ചന്ദ്രപ്രകാശിനെ മത്സരിപ്പിക്കണമെന്ന തേജ്പ്രതാപിന്റെ ആവശ്യം തേജസ്വി കണക്കിലെടുത്തിരുന്നില്ല. പകരം സുരേന്ദ്ര യാദവിനെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയായിരുന്നു. ഇതാണ് തേജ്പ്രതാപിനെ ചൊടിപ്പിച്ചത്.

ചന്ദ്രപ്രകാശിനു പിന്തുണ നല്‍കിക്കൊണ്ടുള്ള ഒരു റാലിയിലായിരുന്നു തേജ്പ്രതാപിന്റെ വിമര്‍ശനം. സുരേന്ദ്ര യാദവ് തന്റെ പിതാവ് ലാലുപ്രസാദ് യാദവിന്റെ അംഗരക്ഷകനായിരുന്നെന്നും അയാളൊരു പാദസേവകനാണെന്നും തേജ്പ്രതാപ് ആരോപിച്ചു. ആര്‍.എസ്.എസ് ഏജന്റായ സുരേന്ദ്ര യാദവ് ആയുധ ഇടപാട് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. മേയ് ആറ്, 12, 19 തീയതികളിലും സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. ആകെ 40 ലോക്‌സഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്.