ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെയാണ് നേരിടുന്നത്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയത് കൂടി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ പ്ലേ ഓഫിലേക്ക് മുന്നേറുന്ന രണ്ടാമത്തെ ടീമായി മാറിയിരുന്നു. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും നാല് തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
ബര്‍സാപുര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ഇല്ലാത്തത് സഞ്ജുവിനും കൂട്ടര്‍ക്കും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. ടി-20 ലോകകപ്പിന് മുന്നോടിയായി ടീമിനൊപ്പം ചേരാനാണ് ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയത്.
ഇപ്പോഴിതാ ഇന്ന് പഞ്ചാബിനെതിരെ ബട്‌ലറിന്റെ പൊസിഷനില്‍ ഏത് താരം ഇറങ്ങുമെന്ന് പറഞ്ഞിരിക്കുകയാണ് റിയാന്‍ പരാഗ്. ഇംഗ്ലണ്ട് താരം ടോം കോഹ്ലര്‍ കാഡ്മര്‍ രാജസ്ഥാനൊപ്പം പരിശീലനം ആരംഭിച്ചു എന്നാണ് പരാഗ് പറഞ്ഞത്.
‘ജോസ് ബട്ലറുടെ പകരക്കാരനായി ടോം കോഹ്ലര്‍ കാഡ്മര്‍ ബാക്കിയുള്ള മത്സരങ്ങളില്‍ രാജസ്ഥാന്‍ ഒപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്,’ പരാഗ് പറഞ്ഞു.
ഈ വര്‍ഷത്തെ ലേലത്തില്‍ 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ടോം കാഹ്ലറെ സ്വന്തമാക്കിയത്. 190 ടി-20 മത്സരങ്ങളില്‍ 187 ഇന്നിങ്സില്‍ നിന്നും ഒരു സെഞ്ച്വറിയും 34 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4734 റണ്‍സ് ആണ് കാഡ്മര്‍ അടിച്ചെടുത്തത്. 28.01 ആവറേജും 139.68 സ്ട്രൈക്ക് റേറ്റുമാണ് താരത്തിന് ടി-20യില്‍ ഉള്ളത്.
Content Highlight: Riyan Parag talks Which player is the replacement of Jos Butler