കാലം കാത്തുവെച്ച കാവ്യനീതി! സഞ്ജുവിന്റേയും രാജസ്ഥാന്റെയും വിശ്വാസത്തിന്റെ വിജയം; ഒറ്റ പേര് 'റിയാൻ പരാഗ്'
Cricket
കാലം കാത്തുവെച്ച കാവ്യനീതി! സഞ്ജുവിന്റേയും രാജസ്ഥാന്റെയും വിശ്വാസത്തിന്റെ വിജയം; ഒറ്റ പേര് 'റിയാൻ പരാഗ്'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 8:56 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി മൂന്നാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് റിയാന്‍ പരാഗ് നടത്തിയത്. 39 പന്തില്‍ പുറത്താവാതെ 54 റണ്‍സ് നേടി കൊണ്ടായിരുന്നു രാജസ്ഥാന്റെ വിജയത്തില്‍ പരാഗ് നിര്‍ണായകമായത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് താരം അടിച്ചെടുത്തത്.

രാജസ്ഥാന്‍ റോയല്‍സ് സ്‌കോര്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ എത്തിയ ക്രീസിൽ പരാഗ് ടീമിനെ അതിവേഗം വിജയത്തില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം നടത്താന്‍ പരാഗിന് സാധിച്ചിരുന്നു.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 45 പന്തില്‍ പുറത്താവാതെ 84 റണ്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 29 പന്തില്‍ 43 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതോടെ ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 160 സ്‌ട്രൈക്ക് റേറ്റില്‍ 181 റണ്‍സാണ് രാജസ്ഥാന്‍ താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.

ഇതിനുമുമ്പ് രാജസ്ഥാനിലെ റോയല്‍സില്‍ നടത്തിയ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരാഗിനെതിരെ ധാരാളം ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ധാരാളം ട്രോളുകളുടെയും കളിയാക്കളിലൂടെയും പരിഹാസങ്ങള്‍ നേരിട്ട താരമാണ് റിയാന്‍ പരാഗ്. ഈ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ സൂപ്പര്‍ താരം

അതേസമയം രാജസ്ഥാന്‍ ബൗളിങ്ങില്‍ ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റും നാന്ദ്ര ബര്‍ഗര്‍ രണ്ട് വിക്കറ്റും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മുംബൈ ബാറ്റിങ്ങില്‍ 21 പന്തില്‍ 34 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 29 പന്തില്‍ 32 റണ്‍സുമായി തിലക് വര്‍മയും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും മുംബൈ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവാല്‍ മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Riyan Parag great performance against Mumbai Indians