നിലവില്‍ അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂ.സി.സിയുടെ വിജയം: റിമ കല്ലിങ്കല്‍
കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കുന്നുവെന്ന് റിമ കല്ലിങ്കല്‍. ഇതുവരെ ഉണ്ടായിരുന്നില്ലെന്നും, ഉണ്ടെങ്കില്‍ നല്ല കാര്യമാണെന്നും റിമ പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മന്ത്രി പി. രാജീവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡബ്ല്യൂ.സി.സി അംഗങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പഴാണ് റിമ ഇക്കാര്യം പറഞ്ഞത്.
‘അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നത്. അതിപ്പോള്‍ ഉണ്ടെങ്കില്‍ അത് നല്ല കാര്യം. അത് ഞങ്ങളുടെ വിജയമായി കാണുന്നു. അമ്മയെ അഭിനന്ദിക്കുന്നു,’ റിമ കല്ലിങ്കല്‍ പറഞ്ഞു.
മൂന്നംഗ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് ഹേമ കമ്മീഷന്‍ ശുപാര്‍ശക്കുമേലുള്ള നിയമ നിര്‍മാണത്തിന് മുമ്പ് തങ്ങളുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം മന്ത്രി പി. രാജീവ് അംഗീകരിച്ചതായും ഡബ്ല്യൂ.സി.സി അറിയിച്ചു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് ഡബ്ല്യൂ. സി.സി അംഗങ്ങള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തിയത്. കൊച്ചി കുസാറ്റ് ഗസ്റ്റ് ഹൗസില്‍വച്ചായിരുന്നു ഡബ്ല്യൂ.സി.സി അംഗങ്ങളുടെ മന്ത്രിയുമായുള്ള കൂടിക്കാഴ്ച.
ഡബ്ല്യൂ.സി.സി അംഗങ്ങളായ റിമ കല്ലിങ്കല്‍, ആശ അച്ചു ജോസഫ്, രഞ്ജിനി, ദിവ്യ ഗോപിനാഥ്, മിത എം.സി, ജീവ ഗഖ, സംഗീത ജനചന്ദ്രന്‍ എന്നിവരായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുവരികയാണെന്ന് പി. രാജീവ് പറഞ്ഞു. ഈ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സമഗ്രമായ നിയമ നിര്‍മാണം അലോചിക്കൂ എന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മീഷന്‍ ശുപാര്‍ശയിന്‍മേല്‍ നിര്‍മാണത്തിന് മുമ്പ് തങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് ഡബ്ല്യേൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഡബ്ല്യൂ.സി.സി അംഗങ്ങള്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.