തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്താത്ത വിവരങ്ങള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട തീരുമാനം മാറ്റിയതായി വിവരാവകാശ കമ്മീഷന്‍. രഹസ്യ വിവരങ്ങള്‍ കൈമാറുന്നതുമായി സംബന്ധിച്ച് പുതിയ പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം മാറിയതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ലഭിച്ച പരാതിയില്‍ തീര്‍പ്പുണ്ടാക്കിയതിന് ശേഷം മാത്രമേ ഉത്തരവ് കൈമാറുകയുള്ളൂവെന്നാണ് പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകനെ വിവരാവകാശ കമ്മീഷന്‍ അറിയിച്ചത്.
ഇന്ന് 11 മണിയോടെ ഉത്തരവ് പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ അറിയിച്ചത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പരസ്യപ്പെടാത്ത കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
വിവരാവകാശ നിയമ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലായിരുന്നു തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ 29 പാരഗ്രാഫുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ 101 ഓളം പാരഗ്രാഫുകള്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ അപ്പീല്‍ നല്‍കിയത്.
updating…
Content Highlight: Right to Information Commission reverses decision to release undisclosed portion of Hema Committee report