ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.
അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനമാണ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കാഴ്ചവെച്ചത്. ഇന്ത്യയുടെ മികച്ച ബാറ്റര്‍മാരെ പുറത്താക്കി ഫൈഫര്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു.
ഇപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അഡ്‌ലെയ്ഡില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ കാരണം ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളാണെന്ന് പറയുകയാണ് മുന്‍ ഓസീസ് താരവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്.
അഡ്‌ലെയ്ഡില്‍ സ്റ്റാര്‍ക്കിന്റെ പ്രകടനത്തെക്കുറിച്ച് റിക്കി പോണ്ടിങ് പറഞ്ഞത്
‘സ്റ്റാര്‍ക്ക് എളുപ്പത്തില്‍ നിരാശനാകില്ല, ബാറ്റര്‍ അവനോട് എന്തെങ്കിലും പറഞ്ഞാല്‍, മുഖത്ത് ഒരു പുഞ്ചിരിയോടെ അവന്‍ പ്രതികരിക്കും. അവന്റെ ഉള്ളില്‍ കത്തുന്ന തീ മറയ്ക്കാന്‍ അവന്‍ പുഞ്ചിരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. അഡ്ലെയ്ഡില്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞു,
എല്ലാ ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയയുടെ മാച്ച് വിന്നറാണ് സ്റ്റാര്‍ക്ക്,
സ്റ്റാര്‍ക്ക് തന്റെ സ്ഥിരതയ്ക്ക് പ്രശംസ അര്‍ഹിക്കുന്നു. തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയായി. സ്റ്റാര്‍ക്ക് തന്റെ ആദ്യ വര്‍ഷങ്ങളില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ എത്തിയിരുന്നു, ഇപ്പോള്‍ അവന് 140 കിലോമീറ്റര്‍ വേഗതയാണ്, എന്നാല്‍ അദ്ദേഹം കൂടുതല്‍ സ്ഥിരത പുലര്‍ത്തുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. സ്റ്റാര്‍ക്ക് ബാറ്റര്‍മാര്‍ക്ക് അധികം അവസരങ്ങള്‍ നല്‍കുന്നില്ല,’ റിക്കി പോണ്ടിങ് പറഞ്ഞു.
അഡ്‌ലെയ്ഡില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിനെ ഗോള്‍ഡന്‍ ഡക്കില്‍ പറഞ്ഞയച്ചാണ് സ്റ്റാര്‍ക്ക് തുടങ്ങിയത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ പന്തിന് വേഗതയില്ലെന്ന് പറഞ്ഞ് ജെയ്സ്വാള്‍ സ്ലെഡ്ജ് ചെയ്തിരുന്നു. മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയ ജെയ്‌സ്വാളിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ അഡ്‌ലെയ്ഡില്‍ നേരിട്ട ആദ്യ പന്തില്‍ ജെയ്‌സ്വാളിനെ പുറത്താക്കാന്‍ സ്റ്റര്‍ക്കിന് സാധിച്ചു.
Content Highlight: Rickey Ponting Talking About Mitchell Starc