തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. അഭിനയത്തോടൊപ്പം ബോക്‌സ് ഓഫീസ് പ്രകടനത്തിലും മുന്നിട്ടുനിന്ന സൂര്യ ഒരുകാലത്ത് തമിഴില്‍ രജിനി ഒഴികെ മറ്റ് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി താരത്തിന്റെ സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ കങ്കുവ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി.
കങ്കുവയെക്കാള്‍ സൂര്യയുടെ ആരാധകര്‍ പ്രതീക്ഷ വെച്ചിരുന്നത് കാര്‍ത്തിക് സുബ്ബരാജുമൊത്തുള്ള സിനിമയിലായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സൂര്യയും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നത്. സൂര്യ 44 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
റെട്രോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 1980കളിലെ കഥയാണ് പറയുന്നത്. പ്രണയവും ആക്ഷനും ചേര്‍ന്ന മികച്ചൊരു ചിത്രമാകും റെട്രോ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വന്‍ വരവേല്പാണ് ടീസറിന് ലഭിച്ചത്. പുറത്തിറങ്ങി 24 മണിക്കൂറിനിടയില്‍ ഏറ്റവുമധികം പേര്‍ കണ്ട ടീസറുകളുടെ ലിസ്റ്റില്‍ മൂന്നാമതായി ഇടംപിടിക്കാന്‍ റെട്രോയ്ക്ക് സാധിച്ചു. 10 മില്യണ്‍ ആളുകളാണ് ഇതുവരെ ടീസര്‍ കണ്ടത്.
ആന്‍ഡമാന്‍, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് നടന്നത്. പൂജ ഹെഗ്‌ഡേയാണ് സൂര്യയുടെ നായികയായി എത്തുന്നത്. മലയാളത്തില്‍ ജോജു ജോര്‍ജും ജയറാമും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ പ്രകാശ് രാജ്, നാസര്‍, തമിഴ് തുടങ്ങി വന്‍ താരനിര റെട്രോയില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. 2025 മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Retro Title teaser crossed 10 million views in 24 hours