അന്ന് പാട്ടവിലയ്ക്ക് സ്വകാര്യമേഖലയ്ക്ക് കൊടുക്കാനിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡാണ്, ഇന്ന് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പിന് ആശ്രയമാകുന്നത്; അറിയണം ഈ ചെറുത്തു നില്‍പിന്റെ കഥ
Kerala Politics
അന്ന് പാട്ടവിലയ്ക്ക് സ്വകാര്യമേഖലയ്ക്ക് കൊടുക്കാനിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡാണ്, ഇന്ന് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പിന് ആശ്രയമാകുന്നത്; അറിയണം ഈ ചെറുത്തു നില്‍പിന്റെ കഥ
എ കെ രമേശ്‌
Tuesday, 21st April 2020, 4:45 pm

ബംഗ്ലാദേശ് യുദ്ധക്കാലത്തെ ആ ഒരൊറ്റ മാതൃഭൂമിക്കഥ കൊണ്ട് മലയാള ചെറുകഥാ മണ്ഡലത്തില്‍ സ്ഥാനമുറപ്പിച്ച സി.പി സാബുവിന്റെ
‘ബംഗ്ലാദേശ്, ബംഗ്ലാദേശ് ‘എന്ന കഥയിലെ നായകന്റെ ഒരു ചോദ്യമുണ്ട്: ‘മിസ്റ്റര്‍ ലിങ്കന്‍, ഈ തോക്കുകള്‍ എവിടെ നിന്ന് വരുന്നു’ എന്ന്!
ആ ചോദ്യത്തിലൂടെ, അമേരിക്കന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ അബ്രഹാം ലിങ്കന്റെ പിന്മുറക്കാര്‍, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്നായി പോരാടുന്ന മുക്തി ബാഹിനി പ്രവര്‍ത്തകരെ കൊന്നു തള്ളുന്നതിന് ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിലെ വിരോധാഭാസമാണ് സി.പി സാബു തുറന്നുകാട്ടിയത്.

ഇപ്പോള്‍ കോവിഡ് കാലത്ത് മറ്റൊരു യുദ്ധമുന്നണിയില്‍ ലോകമാകെ പൊരുതി നില്‍ക്കെ, പോര്‍മുന്നണിയിലേക്ക് തോക്കുകള്‍ക്ക് പകരം വെന്റിലേറ്ററുകള്‍ ഒഴുകിയെത്തുമ്പോള്‍, ചോദിക്കേണ്ട ഒരു ചോദ്യമാണ്, ഈ വെന്റിലേറ്ററുകള്‍ എവിടെ നിന്ന് വരുന്നു എന്ന്! വിരോധാഭാസം തന്നെയാണ്, തുറന്നു കാട്ടല്‍ തന്നെയാണ്, അതിന് ഉത്തരം പറയേണ്ടത് നവലിബറലിസത്തിന്റെ വക്താക്കളാണ്.

ഒരിക്കല്‍ സ്വകാര്യ മേഖലക്ക് പാട്ട വിലക്ക് വിറ്റുതുലയ്ക്കാനായി ഒരുക്കി നിര്‍ത്തപ്പെട്ട കേരളാ സ്റ്റേറ്റ് ഇലക്ട്രിട്രിസിറ്റി ബോര്‍ഡാണ് ഇപ്പോള്‍ വെന്റിറിലേറ്ററുകള്‍ വാങ്ങാനായി 50 കോടി രൂപ സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുന്നത്. ഇടുക്കി ജില്ലക്ക് മാത്രമായി നല്‍കിയ 10 കോടി ക്ക് പുറമെയാണിത്.

ഇതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു എന്ന് സംശയം തോന്നാം. ജീവന്‍ രക്ഷക്കായി ഇപ്പോള്‍ ആശുപത്രികളിലെത്തുന്ന ആ വെന്റിലേറ്ററുകള്‍ നല്‍കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനാവുമായിരുന്നില്ല, 2003 ലെ ഇലക്ട്രിസിറ്റി നിയമം കേന്ദ്രം പറഞ്ഞതനുസരിച്ച് കൃത്യമായി നടപ്പാക്കിപ്പോന്നിരുന്നെങ്കില്‍!

വൈദ്യുതി മേഖല വെട്ടിപ്പൊളിച്ച് തൂക്കി വില്‍ക്കാനായിത്തന്നെയാണ് അന്ന് പുതിയ വൈദ്യുതി നിയമം കൊണ്ടുവന്നത്. ലോകബാങ്കിന്റെയും രാഷ്ട്രാന്തരീയക്കുത്തകകളുടെയും സമ്മര്‍ദ്ദം ഏറെയായിരുന്നു അതുടന്‍ നടപ്പാക്കാന്‍. ഉത്പാദനത്തിന്നും വിതരണത്തിനും പ്രസരണത്തിനും വേറെ വേറെ കമ്പനികള്‍ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിസിറ്റിബോര്‍ഡുകളെ തുണ്ടു വല്‍കരിച്ച് സ്വകാര്യ മുതലാളിമാര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കാനായിരുന്നു നീക്കം.

കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശത്തിനൊത്ത് ഇലക്ട്രിസിറ്റി ബോര്‍ഡിനെ വെട്ടിപ്പൊളിക്കാനും സ്വകാര്യ മുതലാളിമാര്‍ക്ക് പതിച്ചു കൊടുക്കാനുമുള്ള മാര്‍ഗനിര്‍ദേശത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
വെട്ടിപ്പൊളിച്ച് മൂന്നാക്കി വിവിധ കമ്പനികളാക്കി വെവ്വേറെ സ്ഥാപനങ്ങള്‍ക്ക് തൂക്കി വില്‍ക്കുക. അതിനാണ് പദ്ധതികളൊരുങ്ങിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ലാഭക്ഷമതയുമൊക്കെ വളരെ പിന്നിലാണെന്നും സ്വകാര്യ മേഖലയുടെ മൃഗീയ ചോദനകള്‍ (Animal instincst) കെട്ടഴിച്ചുവിടുകയും ഈ സ്ഥാപനങ്ങള്‍ അവയ്ക്ക് മുമ്പില്‍ തുറന്നു വെച്ചു കൊണ്ട് മത്സരശേഷിയും അതുവഴി ലാഭക്ഷമതയും വര്‍ദ്ധിപ്പിക്കുകയുമാണ് വേണ്ടതെന്നും ആയിരുന്നല്ലോ ലോകബാങ്ക് കല്‍പ്പന. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ പൊതു മേഖലക്കെതിരെയുള്ള ആക്രമണങ്ങള്‍ പെരുകുകയായിരുന്നല്ലോ.

ലോകത്തെ സേവന മേഖലകളാകെ വെട്ടിപ്പിടിക്കാനുള്ള വന്‍കിട കുത്തകക്കമ്പനികളുടെ താല്‍പര്യത്തിനൊത്ത് ഗാട്ടിന്റെയും അതിന്റെ പില്‍ക്കാലരൂപമായ ഡബ്ലിയു.ടി.ഓയുടെയും വേദികള്‍ മൂന്നാം ലോകത്തെ സേവനമേഖലകള്‍ തുറന്നിട്ടു വിക്കാനുള്ള വിലപേശല്‍ കേന്ദ്രങ്ങളായി മാറ്റുകയായിരുന്നല്ലോ. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാനപ്പെട്ട ഒരു മേഖലയായിരുന്നു ഊര്‍ജ മേഖല.

അവിടെ സര്‍ക്കാറുകള്‍ നേരിട്ട് ഇടപെടുന്നതു വഴി ഉണ്ടാവുന്ന വ്യാപാര തടസ്സങ്ങള്‍ മാറ്റിത്തീര്‍ക്കാനായി ചര്‍ച്ചാ വേദികളില്‍ മസിലുരുട്ടി നില്‍ക്കുകയായിരുന്നു സമ്പന്ന രാജ്യങ്ങള്‍. ലോക ബാങ്കിന്റെ അനേക പീനങ്ങള്‍ ഒരേ പോലെ അലറിക്കരഞ്ഞത്, ഈ മേഖലയില്‍ നിന്ന് സര്‍ക്കാരുകള്‍ തടിയൂരണമെന്നും പറഞ്ഞാണ്. കമ്പോളത്തിന്റെ നിയമങ്ങള്‍ നടപ്പാക്കാനായി അവയെല്ലാം തുറന്നിടണം എന്നാണ്.
അങ്ങനെയാണ് സര്‍ക്കാര്‍ വകുപ്പുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ അല്ലാത്ത കമ്പനികളായി ഇലക്ട്രിസിറ്റിബോര്‍ഡുകള്‍ മാറിത്തീരണം എന്ന തിട്ടൂരം പുറപ്പെടുവിക്കുന്നത്.

ഉത്പാദനത്തിന്നും വിതരണത്തിനും പ്രസരണത്തിനും വേറെ വേറെ കമ്പനികള്‍ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡുകളെ തുണ്ടു വല്‍ക്കരിക്കാനായിരുന്നല്ലോ കേന്ദ്ര നിര്‍ദേശം. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരാകട്ടെ, ഈ രീതിയില്‍ സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിനെ വെട്ടിപ്പൊളിക്കാനും സ്വകാര്യ മുതലാളിമാര്‍ക്ക് പതിച്ചു കൊടുക്കാനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിസിനെ ഏല്‍പ്പിക്കുകയും ചെയ്തു. സ്വകാര്യവല്‍ക്കരണ ശ്രമത്തിനെതിരെ വൈദ്യുതി മേഖലയിലെ തൊഴില്‍ശക്തിയാകെ അണിനിരന്ന ഉശിരന്‍ പ്രക്ഷോഭങ്ങളാണ് അന്ന് നടന്നത്. സ്വാഭാവികമായും ആഗ്രഹിച്ച വേഗതയില്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ യു.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞില്ല.

അതിനിടക്കാണ്, അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ധൃതി പിടിച്ച് വൈദ്യുതി മന്ത്രിയാക്കി മന്ത്രിസഭയില്‍ കയറ്റിയ കെ.മുരളീധരന്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ത്തന്നെ തോറ്റു പോകുന്നതും തോറ്റ മന്ത്രിയോടൊപ്പം സ്വകാര്യവല്‍ക്കരണ ശ്രമവും പിറകോട്ട് പോവുന്നതും.

യു.ഡി.എഫ് ഭരണം മാറി ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രം കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. കമ്പനിവല്‍ക്കരണം ഉടന്‍ നടപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. പക്ഷേ സ്വകാര്യവല്‍ക്കരണത്തിന് കൂട്ടു നില്‍ക്കാതെ ജനപക്ഷ നിലപാടില്‍ അടിയുറച്ചു നില്‍ക്കുകയായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി. കടുത്ത സമ്മര്‍ദ്ദത്തിന് മുമ്പിലും വഴങ്ങാതെ ഇച്ഛാശക്തി തെളിയിച്ചു നിന്ന സര്‍ക്കാറിന് സാമ്പത്തിക സഹായം നിഷേധിക്കുന്നേടത്തോളം എത്തി ഭീഷണികള്‍.

തങ്ങള്‍ പാസ്സാക്കിയ നിയമത്തിനനുസരിച്ച് മറ്റു സംസ്ഥാനങ്ങളെല്ലാം (ഹിമാചല്‍ പ്രദേശൊഴികെ) വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിച്ചു കഴിഞ്ഞിട്ടും കേരളം മാത്രം മാറി നില്‍ക്കുന്നത്, അന്താരാഷ്ട്ര മൂലധനനാഥന്മാരുടെ മുന്നില്‍ തങ്ങളെ വില കെടുത്തിക്കളയും എന്നായിരുന്നിരിക്കണം വേവലാതി.

കേന്ദ്ര നിയമത്തെ പൂര്‍ണമായും നിരാകരിച്ചു കൊണ്ട് ഒറ്റക്കൊരു സംസ്ഥാനത്തിന് ചെറുത്തു നില്‍ക്കുന്നതിന് പരിമിതികള്‍ ഏറെയായിരുന്നു. അതറിഞ്ഞുകൊണ്ടു തന്നെ കേന്ദ്ര നിയമത്തിലുള്ള ചില പഴുതുകള്‍ കണ്ടെത്തി കമ്പനിവല്‍ക്കരണം നീട്ടിക്കൊണ്ടുപോവുകയായിരുന്നു ഇടതു സര്‍ക്കാര്‍. കമ്പനിവല്‍ക്കരണത്തിന് സമയം ആവശ്യമുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് തോന്നിയാല്‍, കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ച് 6 മാസത്തേക്ക് എക്സ്റ്റന്‍ഷന്‍ വാങ്ങിക്കാം എന്ന വ്യവസ്ഥയായിരുന്നു ഒരു പിടിവള്ളി.

പക്ഷേ രണ്ടും കല്‍പ്പിച്ച് നിലയുറപ്പിച്ച യു.പി.എ സര്‍ക്കാറിന് നിര്‍ബന്ധമായിരുന്നു, ഇടതുപക്ഷ നിലപാടിനെ വിജയിക്കാന്‍ അനുവദിക്കരുതെന്ന്! ഇനി ഒരു എക്സ്റ്റന്‍ഷന്‍ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലായി കേന്ദ്രം. ഭരണ പ്രതിസന്ധി ഒഴിവാക്കാനായി കമ്പനിവല്‍ക്കരണത്തിന് നിയമം കൊണ്ടുവരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പക്ഷേ എല്ലാം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തി. അങ്ങനെയാണ് ഇന്ന് മറ്റു സംസ്ഥാനങ്ങളിലേതുപോലെ നാടന്‍ – മറുനാടന്‍ കുത്തകകളുടെ കേളീരംഗമായി നമ്മുടെ വൈദ്യുതി മേഖല മാറിത്തീരാതെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നത്.

ഒറീസയിലെ കൊടുങ്കാറ്റില്‍ കടപുഴങ്ങി വീണ ആയിരക്കണക്കിന് ഇലക്ട്രിക് പോസ്റ്റുകള്‍ മാസങ്ങളോളം അനാഥമായങ്ങനെ വെറുങ്ങലിച്ചു കിടന്നപ്പോള്‍, പ്രളയാനന്തര കേരളത്തിലെ ഒറ്റ ഇലക്ട്രിക് ലൈനിനും ആ ദുര്‍ഗതി വരാതെ നോക്കാന്‍ ഇവിടത്തെ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ ഊണും ഉറക്കവുമൊഴിച്ച് പാട് പെടുകയായിരുന്നു.

അതു മാത്രവുമല്ല, പൊതുമേഖലയോടുള്ള സിദ്ധാന്ത ശാഠ്യം കാരണം കേരളത്തിന് മഹാരാഷ്ട്രയുടെ കുതിച്ചു ചാട്ടത്തിന്റെ അടുത്തെത്താന്‍ ആവുന്നില്ല എന്ന ശാപവചനങ്ങള്‍ ഏറെയായിരുന്നു, നായനാര്‍ സര്‍ക്കാര്‍ എന്റോണ്‍ കമ്പനിയെ കൈയ്യും നീട്ടി സ്വീകരിക്കാതിരുന്നപ്പോള്‍.
ഒടുക്കം എന്റോണ്‍ പൊട്ടിപ്പൊളിഞ്ഞ് പാളീസാവുകയും നോക്കാന്‍ ആളില്ലാതെ, അനാഥമായങ്ങനെ കിടന്ന ധാബോളിലെ നാഫ്താ പ്ലാന്റുകള്‍ പൊട്ടിയൊലിച്ച് സമീപ ഗ്രാമങ്ങളിലെ കുടിവെള്ളം മുടക്കിക്കൊണ്ടിരുന്നപ്പോള്‍, കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുകയായിരുന്നു.

അങ്ങനെയുള്ള വൈദ്യുതി ബോര്‍ഡാണ് മരണക്കിടക്കയിലേക്ക് നീങ്ങിയേക്കാവുന്ന കോവിഡ് രോഗികള്‍ക്ക് സഹായഹസ്തവുമായി എത്തുന്നത്. സ്വകാര്യ മേഖലക്ക് ഈ മേഖലയെ വിട്ടുകൊടുക്കാഞ്ഞതിന്റെ ഗുണം ഇപ്പോള്‍ മനസ്സിലായില്ലെ?
സിദ്ധാന്തശാഠ്യം വെച്ചു പുലര്‍ത്തുന്ന കമ്പോള മൗലികതാവാദികള്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ പൊതുമേഖല ഇനിയും എത്ര കാലം എന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും, കൊറോണക്കാലം നവലിബറലിസ്റ്റുകളുടെ എല്ലാ സ്വപ്നങ്ങളും കരിയിച്ചുകളയുകയാണ്.

യുറോപ്യന്‍ രാജ്യങ്ങളില്‍ പലതും ആരോഗ്യരംഗം പൊതു ഉടമസ്ഥതയിലാക്കുകയാണ്. സ്വകാര്യവല്‍ക്കരണത്തിന്റെ വക്താക്കളുടെ പല്ലിന് പണ്ടേ പോലെ ശൗര്യമില്ലാതാവുകയാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും രക്ഷക്കെത്താനാവുക പൊതു മേഖലക്ക് മാത്രമാണ് എന്ന് തെളിഞ്ഞു വരികയാണ്. ഒരു യുദ്ധകാലത്ത് എണ്ണ സംസ്‌കരണക്കമ്പനികള്‍ പ്രതിരോധാവശ്യത്തിനുള്ള എണ്ണ ശുദ്ധീകരിച്ചു കൊടുക്കാതെ ശഠിച്ചു നിന്നപ്പോഴാണ് ശ്രീമതി ഗാന്ധിക്ക് ഓയില്‍ മേഖല ദേശസാല്‍ക്കരിക്കേണ്ടി വന്നത്.

അമേരിക്കയില്‍ രോഗികളും ശവങ്ങളും കൂടിക്കൊണ്ടിരുന്നപ്പോള്‍ വെന്റിലേറ്ററുകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു പൊതു മേഖലയോടും കല്‍പ്പിക്കാനാവാതെ ജനറല്‍ മോട്ടോഴ്‌സിനോട് കെഞ്ചേണ്ടി വന്ന ട്രംപ് അവസാനം ഒരു പഴയ അമേരിക്കന്‍ നിയമം ഉദ്ധരിച്ച് കല്‍പ്പിക്കേണ്ടി വന്ന അനുഭവവും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ സ്ഥാപിത താല്‍പര്യക്കാരുടെ പൊതുമേഖലാ വിരുദ്ധ പ്രചാരണത്തിന് കൈയ്യടിക്കാന്‍ പഴയതുപോലെ ആളെ കിട്ടില്ല എന്നുറപ്പ്. ഇങ്ങനെയൊരു കണ്ണു തുറപ്പിക്കലിന് കോവിഡ് കാരണമാവുകയാണ്.