ടെലിവിഷന്‍ പരമ്പരകളിലൂടെയും വിവിധ ഹാസ്യപരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് രശ്മി അനില്‍. ടെലിവിഷന്‍ പരമ്പരകളില്‍ മാത്രമല്ല, സിനിമകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയോടൊപ്പം ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിക്ക് മെസേജ് അയച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് രശ്മി.
മമ്മൂട്ടി ഒരിക്കലും മറുപടി തരില്ലെന്ന് പറഞ്ഞ് കൊണ്ട് സീരിയല്‍ ആര്‍ട്ടിസ്റ്റ് നവീന്‍ ആണ് തനിക്ക് മമ്മൂട്ടിയുടെ പേഴ്‌സണല്‍ നമ്പര്‍ നല്‍കിയതെന്ന് രശ്മി പറഞ്ഞു. താന്‍ മെസേജ് അയക്കുന്ന കാര്യം പറഞ്ഞപ്പോള്‍ വെറുതെ നാണം കെടേണ്ട എന്നായിരുന്നു അയാള്‍ പറഞ്ഞതെന്നും എന്നാല്‍ താന്‍ മെസേജ് അയച്ചപ്പോള്‍ മമ്മൂട്ടി മറുപടി നല്‍കിയെന്നും താരം പറയുന്നു.
‘ഒരു ദിവസം സീരിയല്‍ ആര്‍ട്ടിസ്റ്റ് ആയ നവീന്‍ എനിക്ക് ഒരു നമ്പര്‍ തന്നിട്ട്, ‘ഇത് മമ്മൂക്കയുടെ നമ്പറാണ്. ഞാന്‍ ഇതില്‍ എത്ര മെസേജ് ഇട്ടെന്നറിയുമോ. പുള്ളി ഒരിക്കലും മറുപടി തരില്ല’ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒരു മെസേജ് അയച്ചു നോക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, വെറുതെ രശ്മി നാണം കെടേണ്ട എന്നായിരുന്നു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു പന്തയം പോലെയായി.
അതോടെ അവിടെ ആ സീരിയലില്‍ അഭിനയിക്കുന്നവരൊക്കെ ചുറ്റും കൂടി. രശ്മിക്ക് അത്രയും ഉറപ്പുണ്ടെങ്കില്‍ മമ്മൂക്കക്ക് മെസേജ് അയച്ചു നോക്കെന്ന് അവരും പറഞ്ഞു. അപ്പോള്‍ ഞാന്‍ ‘ഹായ് മമ്മൂക്ക നമസ്‌ക്കാരം. ഞാന്‍ രശ്മിയാണ്. ഓര്‍മ്മയുണ്ടോ. ഞാന്‍ കോമഡിയിലൊക്കെയുണ്ട്’ എന്ന് പറഞ്ഞ് തോപ്പില്‍ ജോപ്പന്‍ സിനിമയുടെ സമയത്ത് എടുത്ത ഇക്കയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ അങ്ങോട്ട് അയച്ചു.
പുള്ളിക്ക് പെട്ടെന്ന് പേര് പറഞ്ഞാല്‍ മനസിലായില്ലെങ്കിലോ എന്ന് കരുതിയായിരുന്നു ഫോട്ടോ അയച്ചത്. എന്നാല്‍ ഫോട്ടോ അയച്ചതും ഉടനെ ഇങ്ങോട്ട് ഒരു സ്മൈലി തിരിച്ചയച്ചു. അതോടെ എല്ലാവരും കയ്യടിയും ബഹളവും ആയി,’ രശ്മി അനില്‍ പറഞ്ഞു.
താരത്തിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു ഇത്. ചിത്രം 2023 ഡിസംബര്‍ 21നായിരുന്നു തിയേറ്ററിലെത്തിയത്. മോഹന്‍ലാലിന്റെ തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷമെത്തിയ നേര് വന്‍ വിജയമായിരുന്നു.
Content Highlight: Reshmi Anil Talks About Mammootty