കേന്ദ്രത്തിന്റെ സംവരണനയം; ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
national news
കേന്ദ്രത്തിന്റെ സംവരണനയം; ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2024, 9:03 am

ശ്രീനഗര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ സംവരണ നയത്തിനെതിരെ ജമ്മു കശ്മീരില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ഓപ്പണ്‍ മെറിറ്റ് സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം ശക്തമാക്കുന്നത്. സംവരണത്തില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം.

നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളായ എം.പി ആഗ റുഹുല്ല മെഹ്ദി, പി.ഡി.പി നേതാവ് ഇല്‍തിജ മുഫ്തി, മറ്റ് പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരും എം.എല്‍.എമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് 2005ലെ ജമ്മു കശ്മീരിന്റെ സംവരണച്ചട്ടം ഭേദഗതി ചെയ്തത്. ഏകപക്ഷീയമായായിരുന്നു നയം ഭേദഗതി ചെയ്യാനുള്ള തീരുമാനം. നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തില്‍ വരുന്നതിന് മുമ്പാണ് ജമ്മു കശ്മീരില്‍ സംവരണ നയം പാസാക്കുന്നത്.

ഭേദഗതി ചെയ്ത സംവരണ നയ പ്രകാരം വിവിധ സംവരണ വിഭാഗത്തിനുള്ള ക്വാട്ട 60 ശതമാനമായി ഉയരുകയും പൊതുവിഭാഗത്തിലുള്ളവരുടെ സാധ്യത 40 ശതമാനമായി ചുരുങ്ങുകയും ചെയ്തു. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

പൊതുവിഭാഗത്തിലാണ് കശ്മീരിലെ 69 ശതമാനം ജനങ്ങളും ഉള്‍പ്പെടുന്നത്. അതിനാല്‍ പുതിയ സംവരണനയം വഴി ഇവര്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യത 40 ശതമാനം കുറയ്ക്കരുതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

ദുര്‍ബല വിഭാഗക്കാരുടെ സംവരണം തുടരണമെന്നും തുല്യനീതി പാലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ പ്രതിഷേധിക്കുന്നവരെ മുഖ്യമന്ത്രി വസതിയിലേക്ക് ക്ഷണിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.

സര്‍ക്കാര്‍ സംവരണനയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിക്ക് ആറുമാസം സമയം വേണമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമരക്കാരോട് അഭ്യര്‍ത്ഥിച്ചു.

Content Highlight: Reservation Policy of the Centre; Students protest in Jammu and Kashmir